‘കപ്പൽ കമ്പനിയുടേത് തണുപ്പൻ പ്രതികരണം, ഇന്ധനം വീണ്ടെടുക്കുന്ന പ്രവർത്തനം ഉടൻ തുടങ്ങിയില്ലെങ്കിൽ നിയമനടപടി’
തിരുവനന്തപുരം∙ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്സി കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്. കപ്പലിന്റെ ടാങ്കില്‍നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ ആരംഭിച്ചില്ലെങ്കില്‍ ഇരുകമ്പനികള്‍ക്കുമെതിരെ നിയമപരമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്.
വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഡിജി ഷിപ്പിങ് ഇന്നലെ എംഎസ്സി കമ്പനിക്ക് അയച്ച കത്തില്‍ അന്ത്യശാസനം നല്കി. നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായി നടപടി എടുക്കാത്തതു മൂലം സമുദ്ര പരിസ്ഥിതിക്കും രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ തീരമേഖലയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
കപ്പല്‍ മുങ്ങി 18 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഡിജി ഷിപ്പിങ് കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിരത്തിയിരിക്കുന്നത്.
Also Read
കപ്പല്‍ മുങ്ങിയതിനു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും എംഎസ്സിയും ടി ആന്‍ഡ് ഡിയും അറിയിച്ചിരുന്ന സമയപരിധിക്കുളളില്‍ ദൗത്യം പുരോഗമിക്കുന്നില്ലെന്നും ഡിജി ഷിപ്പിങ് കത്തില്‍ കുറ്റപ്പെടുത്തുന്നു. ഏകോപന യോഗങ്ങള്‍ നടത്തുകയും നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടും ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിയില്‍നിന്നു തണുപ്പന്‍ പ്രതികരണമാണുണ്ടാകുന്നത്.
തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നതു മൂലവും മുങ്ങിയ കപ്പലിന്റെ സാന്നിധ്യം മൂലവും കേരളത്തിന്റെ തീരമേഖലയില്‍ മത്സ്യബന്ധനത്തിലൂടെ ജീവനോപാധി കണ്ടെത്തുന്ന ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു വ്യാപകമായ തോതില്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് ഡിജി ഷിപ്പിങ് ചൂണ്ടിക്കാട്ടുന്നു. കപ്പലില്‍നിന്നുള്ള കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതും എണ്ണപ്പാടയും മലിനീകരണ പ്രശ്നവും തീരമേഖലയ്ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Also Read
അപകമുണ്ടായി ആദ്യ ദിവസം തന്നെ ഡൈവിങ്ങിനും എണ്ണപ്പാട
നീക്കുന്നതിനും ഇന്ധനം വീണ്ടെടുക്കുന്നതിനും എല്ലാവിധ ഉപകരണങ്ങളും സന്നാഹങ്ങളും സജ്ജമാക്കണമെന്ന് ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കു കൃത്യമായി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മേയ് 30ന് ശേഷമാണ് ഡൈവിങ് സപ്പോര്‍ട്ട് വെസലും (ഡിഎസ്വി) മറ്റു മുങ്ങല്‍ ഉപകരണങ്ങളും കമ്പനി എത്തിച്ചത്.
ആദ്യഘട്ടത്തിലുണ്ടായ ഈ കാലതാമസം ദൗത്യത്തിന്റെ സമയബന്ധിതമായ നിര്‍വഹണത്തിന് തിരിച്ചടിയായി. എംഎസ്സി കമ്പനി വാടകയ്ക്കെടുത്ത ടഗ് ഉള്‍പ്പെടെ എത്തിയത് ജൂണ്‍ 1ന് ശേഷമാണെന്നും ഡിജി ഷിപ്പിങ് വ്യക്തമാക്കുന്നു.
Also Read
കപ്പലിന്റെ ഓയില്‍ ടാങ്കുകളില്‍നിന്ന് ഇന്ധനം നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന് ഡിജി ഷിപ്പിങ് ശ്യാം ജഗന്നാഥന് കുറ്റപ്പെടുത്തുന്നു.
കപ്പല്‍ 51 മീറ്റര്‍ ആഴത്തിലായതിനാല്‍ ഇന്ധനം വീണ്ടെടുക്കാന്‍ സാച്ചുറേഷന്‍ ഡൈവിങ് അനിവാര്യമാണ്. എന്നാല്‍ അതിനു പര്യാപതമായ മുങ്ങല്‍ ദൗത്യം നടത്താന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ല.
ഇന്ധനം കടലില്‍ പടരാതെ പുറത്തെടുക്കാന്‍ നിശ്ചയിച്ച സമയപരിധി ഗുരുതരമായ രീതിയില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ചോര്‍ത്ത അടയ്ക്കുന്ന പ്രവര്‍ത്തനം ഈ മാസമാദ്യം അവസാനിക്കേണ്ടതായിരുന്നെങ്കിലും ഇപ്പോഴും തുടരുകയാണ്.
ഇന്ധനം ഊറ്റിയെടുക്കുന്നത് ജൂണ്‍ 5ന് ആരംഭിക്കാനിരുന്നതാണെങ്കിലും ഇതുവരെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അനുകൂലമായ കാലാവസ്ഥ മുതലെടുത്തു ചെയ്യേണ്ടിയിരുന്ന നിര്‍ണായകമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയത് സാല്‍വേജ് കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണ്.
കേരളം മണ്‍സൂണ്‍ സീസണിലേക്കു കടക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴുണ്ടാകുന്ന കാലതാമസം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡിജി ഷിപ്പിങ് മുന്നറിയിപ്പു നല്കുന്നു.
Also Read
ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി വിദഗ്ധ സാച്ചുറേഷന്‍ മുങ്ങല്‍ വിദഗ്ധരെയും 11 രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക ഉപകരണങ്ങള്‍ എത്തിക്കുന്ന സംഘത്തെയും സജ്ജരാക്കേണ്ടതായിരുന്നു. ഇതിനായി വീസാ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും ഹൈക്കമ്മിഷനുകള്ക്കും കത്തയച്ചിരുന്നു.
എന്നാല്‍ കമ്പനി ഇതുവരെ വീസാ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വിദഗ്ധരായ സാച്ചുറേഷന്‍ മുങ്ങല്‍ വിദഗ്ധരുടെ ലഭ്യത കുറയാന്‍ കാരണമിതാണ്.
ഈ കാലതാമസം ഗുരുതരമായ വീഴ്ച മാത്രമല്ല നിയമപരമായ ബാധ്യതയുടെ ലംഘനമാണെന്നും ഡിജി ഷിപ്പിങ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1958ലെ മെര്‍ച്ചന്റ് ഷിപ്പിങ് നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2023 ഭാരതീയ ന്യായ സംഹിത, 2005ലെ മാനേജ്മെന്റ് നിയമം, ഇന്ത്യന്‍ മറൈന്‍ സേഫ്റ്റി, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം പ്രോസിക്യൂഷനും പിഴയും നേരിടേണ്ടിവരുമെന്നും ഡിജി ഷിപ്പിങ് കത്തില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കപ്പല്‍ മുങ്ങിയത് രാജ്യത്തിന് പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച് തുടര്‍നടപടികള്‍ ധ്രുതഗതിയിലാക്കാന്‍ എംഎസ്സി കമ്പനി തയാറാകണമെന്നും ഡിജി ഷിപ്പിങ് ശ്യാം ജഗന്നാഥന് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

