
ഉച്ചഭക്ഷണത്തിന് 40 രൂപ; വരുന്നു, ‘സമൃദ്ധി’യുടെ കന്റീൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കോർപറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ കന്റീൻ രംഗത്തേക്കു കടക്കുന്നു. നഗരത്തിലെ സ്ഥാപനങ്ങളുടെ കന്റീൻ പ്രവർത്തനം ഏറ്റെടുക്കാനുള്ള പദ്ധതിക്കു സമൃദ്ധി തുടക്കമിടുന്നു. കടവന്ത്രയിലെ ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) ഹെഡ് ഓഫിസിലെ കന്റീന്റെ പ്രവർത്തനം ഇന്നു മുതൽ ‘സമൃദ്ധി @ കൊച്ചി’ ഏറ്റെടുക്കും. ഇന്നു രാവിലെ 9നു മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. രാവിലെ 7 മുതൽ രാത്രി 10 വരെയാണു കന്റീന്റെ പ്രവർത്തനം. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘു ഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിങ്ങനെ സമൃദ്ധിയിൽ ലഭിക്കുന്ന ഉൽപന്നങ്ങൾ ന്യായ വിലയിൽ കന്റീനിലും ലഭിക്കും.
പൊതുജനങ്ങൾക്ക് ഉച്ചഭക്ഷണത്തിന് 40 രൂപയാണു നിരക്ക്. ജിസിഡിഎ ജീവനക്കാർക്കു സബ്സിഡി നിരക്കിൽ ഭക്ഷണം ലഭിക്കും. നഗരത്തിലെ ഐടി സ്ഥാപനങ്ങളുടെ ഉൾപ്പെടെ കന്റീൻ പ്രവർത്തനം ഏറ്റെടുക്കാൻ സമൃദ്ധിക്കു പദ്ധതിയുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ജിസിഡിഎ കന്റീനിൽ സമൃദ്ധി പ്രവർത്തനം തുടങ്ങുന്നത്. തുടക്കത്തിൽ പ്രതിദിനം 200– 300 പേർക്കുള്ള ഭക്ഷണമാണു കരുതുക. ജിസിഡിഎ കന്റീനിലെ അടുക്കളയിലായിരിക്കില്ല തുടക്കത്തിൽ പാചകം. എറണാകുളം നോർത്തിലുള്ള സമൃദ്ധി കിച്ചനിൽ ഭക്ഷണം പാകം ചെയ്തു കടവന്ത്രയിലെത്തിക്കും.കന്റീൻ ആവശ്യങ്ങൾക്കു സമൃദ്ധിയുടെ സേവനം പ്രയോജനപ്പെടുത്താനുള്ള താൽപര്യം ചില സ്ഥാപനങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ കന്റീനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭക്ഷണശാല ബ്രാൻഡ് നഗരത്തിൽ ഇല്ലാത്തതിനാൽ ആ സാധ്യത പ്രയോജനപ്പെടുത്താനാണു സമൃദ്ധിയുടെ ശ്രമം. ജിസിഡിഎ കന്റീനിന്റെ പ്രവർത്തനം വിജയമെന്നു കണ്ടാൽ കൂടുതൽ സ്ഥാപനങ്ങളുടെ കന്റീൻ സമൃദ്ധി ഏറ്റെടുക്കും.‘വിശപ്പുരഹിത നഗരം’ എന്ന ലക്ഷ്യമിട്ടു കോർപറേഷൻ ആരംഭിച്ച പദ്ധതിയാണു സമൃദ്ധി @ കൊച്ചി. നോർത്തിൽ തുടക്കമിട്ട സമൃദ്ധി ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകരായ ഒട്ടേറെ വനിതകൾക്കു ഉപജീവന മാർഗവുമാണു സമൃദ്ധി.