
ഒൻപതുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി, നഗ്നയാക്കി സ്യൂട്കേസിലാക്കി ഫ്ലാറ്റ് പൂട്ടി; രക്തംവാർന്ന് മരിച്ചു
ന്യൂഡൽഹി ∙ ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സ്യൂട്കേസിലാക്കി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിനൊടുവിൽ നെഹ്റു വിഹാറിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് കണ്ടെത്തി.
രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
‘‘പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അവൾ മരിച്ചതായി അറിയിച്ചു. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
കൊലപാതകം, പോക്സോ നിയമത്തിലെ സെക്ഷൻ 6, ഗുരുതരമായ ലൈംഗികാതിക്രമം എന്നിവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്’’ – ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (നോർത്ത് ഈസ്റ്റ്) ആശിഷ് മിശ്ര പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് അമ്മായിയുടെ വീട്ടിൽ പോയ പെൺകുട്ടി പിന്നീട് തിരികെ എത്തിയിരുന്നില്ല.
ഒരാൾ അവളെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുടുംബം ഫ്ലാറ്റിൽ എത്തിയപ്പോൾ അത് പൂട്ടിയിരിക്കുകയായിരുന്നു.
ഫ്ലാറ്റിന്റെ താക്കോൽ സഹോദരന്റെ പക്കലാണെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. പൂട്ട് പൊട്ടിച്ചപ്പോൾ നഗ്നയായ പെൺകുട്ടി അബോധാവസ്ഥയിൽ സ്യൂട്കേസിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്താൻ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]