‘ഡയമണ്ട് കട്ടിങ്’: നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം ഭാഗികമായി പൊളിക്കാനുള്ള സാധ്യത തേടി ദേശീയപാത അതോറിറ്റി
ആലപ്പുഴ ∙ കാലിക്കറ്റ് എൻഐടി വിദഗ്ധ സംഘം മുഴുവനായി പൊളിക്കണമെന്നു നിർദേശിച്ച നങ്ങ്യാർകുളങ്ങരയിലെ ഫ്ലാറ്റ് സമുച്ചയം ഭാഗികമായി പൊളിക്കാനുള്ള സാധ്യത ദേശീയപാത അതോറിറ്റി തേടുന്നു. ഫ്ലാറ്റ് പൂർണമായും പൊളിക്കുന്നതു വൻ സാമ്പത്തിക ബാധ്യതയാകുമെന്നതു കണക്കാക്കിയാണു പകുതി പൊളിക്കാൻ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യത പരിശോധിക്കാൻ ദേശീയപാത റീജനൽ ഓഫിസിൽ നിന്നു നിർദേശം ലഭിച്ചത്.
ഫ്ലാറ്റ് ഭാഗികമായി നിലനിർത്തുന്നതിലൂടെ നഷ്ടപരിഹാര ഇനത്തിൽ ദേശീയപാത അതോറിറ്റിക്ക് 10 കോടിയിലേറെ രൂപ ലാഭിക്കാനാകും. പാതയോരത്തുള്ള ഫ്ലാറ്റിന്റെ പകുതിയോളം ഭാഗം പൊളിച്ചെങ്കിൽ മാത്രമേ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാനാകൂ.
എന്നാൽ ഫ്ലാറ്റ് മുഴുവനായും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഫ്ലാറ്റിലെ താമസക്കാർ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ നഷ്ടപരിഹാരം നൽകി ഫ്ലാറ്റ് ഏറ്റെടുക്കുന്നതിനു നിയമോപദേശവും തേടിയിരുന്നു.
തുടർന്നാണു കാലിക്കറ്റ് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം ഫ്ലാറ്റിന്റെ ബലത്തെക്കുറിച്ചു പഠനം നടത്തി ഭാഗികമായി പൊളിക്കുന്നതു സുരക്ഷിതമാകില്ലെന്നു റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന്റെ രണ്ടു ടവറുകളുടെയും അടിത്തറ തമ്മിൽ ബന്ധമില്ലെന്നാണു ദേശീയപാത അതോറിറ്റി പറയുന്നത്. ഡയമണ്ട് കട്ടിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു ഒറു ടവർ പൊളിച്ചാൽ ശേഷിക്കുന്ന ഭാഗത്തിനു കേടുപാടുണ്ടാകില്ലെന്നാണു വിലയിരുത്തൽ. എന്നാൽ അത്തരം പ്രവൃത്തികളിൽ വിദഗ്ധരായ കരാറുകാരും തൊഴിലാളികളും ഉണ്ടോയെന്നതിൽ സംശയമുണ്ട്.
വിദഗ്ധരെ ലഭ്യമായെങ്കിൽ മാത്രമാകും ഫ്ലാറ്റ് ഇത്തരത്തിൽ പൊളിക്കുക. നങ്ങ്യാർകുളങ്ങര ജംക്ഷനിൽ മേൽപാലം നിർമാണത്തിനായി തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഫ്ലാറ്റ് ഭാഗികമായെങ്കിലും പൊളിച്ചു നീക്കിയാൽ മാത്രമേ പാത നിർമാണം പൂർത്തിയാക്കാനാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

