
ഭീതിയുടെ 14.5 കിലോമീറ്റർ: നേര്യമംഗലം- മൂന്നാർ പാതയിൽ പതിയിരിക്കുന്നത് അപകടം
ദേശീയപാത 85ന്റെ പ്രവൃത്തി നടക്കുന്നതിനിടെ കാലവർഷം തിമർത്തു പെയ്യുമ്പോൾ, നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള റോഡിലൂടെ മനോരമ സംഘം നടത്തിയ യാത്ര. തൊടുപുഴ ∙ കടപുഴകാൻ നിൽക്കുന്ന മരങ്ങൾ, ഇടിയുമെന്ന് പേടിപ്പിക്കുന്ന മൺതിട്ടകൾ… മഴക്കാലത്ത് ഭയപ്പെടുത്തുന്നതാണ് നേര്യമംഗലം–മൂന്നാർ യാത്ര.
നേര്യമംഗലം എത്തുന്നതിന് മുൻപ് തുടങ്ങും അപകട സൂചനകൾ.
വില്ലാഞ്ചിറയിൽ റോഡ് ഇടിഞ്ഞു താഴുന്നതിനാൽ ഒരു ഭാഗത്തുകൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇടുക്കികവലയ്ക്കും മണിയമ്പാറയ്ക്കും ഇടയ്ക്ക് കലുങ്ക് നിർമാണം നടക്കുന്നതിനാൽ നീണ്ടപാറ വഴി ഇടുക്കിയിലേക്ക് തിരിയുന്ന വഴിയും അടഞ്ഞു.
യാത്രക്കാർക്ക് നേര്യമംഗലം ടൗണിൽനിന്ന് ഇടുക്കി റോഡിലേക്ക് പ്രവേശിക്കാം. നേര്യമംഗലം പാലത്തിനടുത്ത് പുതിയ പാലത്തിനുള്ള പില്ലറുകൾ ഉയരുന്നുണ്ട്.
ഭാരവാഹനങ്ങൾക്ക് ഒരു സമയം ഒരു വശത്തേക്ക് മാത്രമേ പ്രവേശനമുള്ളു. ഹൈവേ നിർമാണത്തിന് ടെൻഡറെടുത്തിരിക്കുന്ന കമ്പനിയുടെ രണ്ട് ജീവനക്കാർ വയർലെസുമായിനിന്നാണ് നേര്യമംഗലം പാലത്തിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം റോഡിൽ മണ്ണിടിഞ്ഞു വീണപ്പോൾ.
ഭീതിയുടെ 14.5 കിലോമീറ്റർ
∙നേര്യമംഗലം പാലം കടക്കുന്നതോടെ വാളറ വരെയുള്ള 14.5 കിലോമീറ്റർ നീണ്ട
ഭീകര യാത്രയ്ക്കു തുടക്കമാകും. നേര്യമംഗലം പാലം കഴിഞ്ഞു റാണിക്കല്ലുനിന്ന് ഒരു കിലോമീറ്റർ എത്തിയാൽ ആദ്യത്തെ അതിഭീകര കാഴ്ചയായി.
ഒന്നാംമൈലിലെ വളവിൽ വലതു ഭാഗത്ത് കലുങ്ക് പൊളിഞ്ഞിരിക്കുന്നു. ഇവിടെ എയറിലാണ് കലുങ്ക്.
റോഡ് അപകടകരമായി ഇടിയുകയാണ്. യാത്രക്കാരുമായി ബസുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
കാര്യമായ മുന്നറിയിപ്പില്ലാത്തതിനാൽ വേഗത്തിന് കുറവില്ല.
മുന്നോട്ട് വരുമ്പോൾ മൂന്നാം മൈലിനടുത്ത് ഇടതുവശത്ത് കാട്ടിലേക്ക് കടപുഴകിയ വലിയൊരു കാട്ടുമരം. ഇതുപോലെ നൂറുകണക്കിന് മരങ്ങളാണ് റോഡിന്റെ വശങ്ങളിൽ വീഴാൻ ഒരുങ്ങി നിൽക്കുന്നത്.
ഒരാൾ പൊക്കത്തിലുള്ള വേരാണ് മരത്തിന്റേത്. അഞ്ചാംമൈൽ മണ്ണിടിഞ്ഞു 2 യമണ്ടൻ പാറക്കല്ലുകൾ വീണിരിക്കുന്നത് കൂടുതൽ ഇടിയാനുള്ള സൂചന നൽകുന്നു. 1.ചീയപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയവർ.
2. വാളറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പകർത്തുന്നവർ.
ചീയപ്പാറ മനോഹരി, വാളറ സുന്ദരി
∙കൊച്ചി–മൂന്നാർ പാതയിലെ ഇടതുവശത്തെ സുന്ദരിയാണ് ചീയപ്പാറ, വലതുവശത്തെ സുന്ദരിയാണ് വാളറ.
രണ്ടു വെള്ളച്ചാട്ടങ്ങളുടെ മുന്നിൽനിന്നും ചിത്രം പകർത്താതെ വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് പോകാറില്ല. വിനോദസഞ്ചാരികൾ കൂടുന്ന സ്ഥലമായിട്ടും പൊലീസ് എയ്ഡ് പോസ്റ്റ് ഇവിടെ പ്രവർത്തിക്കുന്നില്ല.
ശുചിമുറിയുമില്ല. സുരക്ഷയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും ഇടപെടാത്ത സ്ഥിതി.
ചീയപ്പാറയ്ക്കും വാളറയ്ക്കുമിടയിൽ 5 സ്ഥലത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനു വനംവകുപ്പ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
അപകടാവസ്ഥയിലാണ് പ്രദേശം. കൂമ്പൻപാറയിൽ ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലത്ത് മഴയത്ത് മണ്ണിടിഞ്ഞ് ക്രാഷ് ഗാർഡും സൂചന ബോർഡും തകർന്ന് റോഡ് അപകടാവസ്ഥയിൽ ആയപ്പോൾ.
വീടുകൾ അപകടത്തിൽ
∙അടിമാലിയിൽനിന്ന് മൂന്നാറിലേക്ക് പോകുന്ന വഴിയിൽ ദേശീയപാതയുടെ പ്രവൃത്തി കനത്ത മഴയിലും തകൃതിയാണ്.
ഇവിടെ മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കൂമ്പൻപാറ പൊതുശ്മശാനത്തിനടുത്ത് മണ്ണിടിഞ്ഞ് അപകടഭീഷണി തുടരുകയാണ്.
ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് മഴയിൽ ഇടിഞ്ഞുവീണു. മണ്ണിടിച്ചിൽ തുടർന്നാൽ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കും.
അടിമാലി മുതൽ കല്ലാർ–വട്ടിയാർ വരെ ഒട്ടേറെ വീടുകൾ അപകടാവസ്ഥയിലാണ്. അടിമാലി ലക്ഷംവീട് പടിക്കലിൽ ദേശീയപാത പണിയുന്നതിന് സ്ഥലം ഏറ്റെടുത്തപ്പോൾ അപകടാവസ്ഥയിലായ രാജമ്മ ചന്ദ്രശേഖറിന്റെ വീട്.
നഷ്ടപരിഹാരമില്ല
അടിമാലി ലക്ഷംവീട് പടിക്കൽ ദേശീയപാതയുടെ പണിക്കായി മണ്ണെടുത്തതിനെ തുടർന്ന് ചെറുവിള വീട് അപകടത്തിലായി.
സുരക്ഷാ ഭീഷണിയെ തുടർന്ന് കുടുംബാംഗങ്ങൾ വാടകവീട്ടിലേക്ക് മാറി. 50 വർഷമായി കൈവശത്തിലുള്ള 15 സെന്റ് സ്ഥലത്താണ് അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്. ഈ വീടാണ് റോഡ് പണിയെത്തുടർന്ന് അപകടത്തിലായിരിക്കുന്നത്.
വീട്ടിലെ താമസക്കാരായ രാജമ്മ ചന്ദ്രശേഖരന്റെ (89) ആരോഗ്യസ്ഥിതി പരിഗണിച്ചാണ് വാടക വീട്ടിലേക്ക് മാറിയത്.
രാജമ്മയുടെ മക്കളായ ആർ.ബാബു, ആർ.രാജമ്മ എന്നിവരും രാജമ്മയുടെ മകനായ സി.യു.അജിത് കുമാറും ഭാര്യ ഒ.സതിയുമാണ് ഇവിടെ താമസിച്ചിരുന്നത്. 1970 മുതൽ ഇവരിവിടെയുണ്ട്.
കൈവശാവകാശ രേഖ മാത്രമാണുള്ളത്. ഇക്കാരണത്താൽ ദേശീയപാത അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്നില്ല. വീടിനായി കലക്ടറെയും എംപിയെയും സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലാർ 60ാം മൈലിൽ കെ.ഇ.റോയിയുടെ വീടിനു മുന്നിലെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലത്ത് വീണ്ടും മണ്ണിടിയിയാതിരിക്കാൻ പടുത വിരിച്ചിട്ടിരിക്കുന്നു. മഴയത്ത് കടപുഴകി വീണ മരവും കാണാം.
ആസൂത്രണമില്ലാതെ പണി; ദുരിതം
ഒരു മാസം മുൻപ് വീടിനോടു ചേർന്ന മണ്ണിടിച്ചതിനാൽ അപകടവസ്ഥയിലാണ് കട്ടിക്കാട്ട് കെ.ഇ.റോയിയുടെ (55) വീട്.
കൃഷിപ്പണിക്കാരായ റോയിയും ഭാര്യ സാലിയുമാണ് കല്ലാർ 60–ാം മൈൽ വീട്ടിൽ താമസിക്കുന്നത്. നിലവിൽ 7000 രൂപ മുടക്കി പടുത വാങ്ങിയിട്ടു മണ്ണിടിച്ചിലിൽനിന്ന് രക്ഷപ്പെടാൻ പരിശ്രമിക്കുകയാണിവർ.
വിദ്യാർഥികളായ മക്കൾ അമലും അലനും മാറിനിന്നാണ് പഠിക്കുന്നത്. മഴ സാധ്യത മുന്നിൽകണ്ട് വേഗത്തിൽ പണിതീർക്കാൻ കഴിയാത്തതാണ് പ്രശ്നമായതെന്ന് റോയി പറഞ്ഞു.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
∙ വനമേഖലയിൽ വാഹനം നിർത്തിയിടുന്നത് ഒഴിവാക്കുക
∙ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിച്ചു വാഹനമോടിക്കുക
∙ വനമേഖലയിൽ ഓവർ ടേക്കിങ് ഒഴിവാക്കുക
∙ വാഹനങ്ങളുടെ കണ്ടിഷൻ ഉറപ്പാക്കുക
∙ ജില്ലാ ഭരണകൂടം നൽകുന്ന സുരക്ഷ മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കുക.
വിവരങ്ങൾ
∙ കെ.എം.അബ്ദുൽ കനി (ഹൈവേ എസ്ഐ, അടിമാലി)
∙ ഹൈവേ പൊലീസ് നമ്പർ: 9946500127
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]