
ദുരിതപ്പെയ്ത്ത് തോരാതെ…; തൃശൂരിൽ പരക്കെ നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ തോരാതെ പെയ്ത കാലവർഷ മഴയിൽ ജില്ലയിൽ പരക്കെ നാശം. ചെറുതുരുത്തിയിൽ കലാമണ്ഡലത്തിനു സമീപം തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞു വീണു ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂർ സ്തംഭിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹം കടലിൽ കൂളിമുട്ടം ബീച്ചിൽ കണ്ടെത്തി. അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ചുഴലിക്കാറ്റിൽ 12 കടകളുടെ മേൽക്കൂര തകർന്നു. മരങ്ങൾ വീണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും കൃഷിക്കും വ്യാപക നാശം.
ബീച്ചിലെ ചീനവലയും നാശച്ചു. കൊടകര മറ്റത്തൂരിൽ വീടിനു മുകളിലേക്കു മരം വീണ് ഇരുമ്പു മേൽക്കൂര തകർന്നു. പേരാമ്പ്രയിൽ ദേശീയപാതയിലെ അടിപ്പാത നിർമാണ സ്ഥലത്തു വെള്ളക്കെട്ടു മൂലം നിർമാണം നിലച്ചു. ഇടിയഞ്ചിറയിലെ ബണ്ട് പൊട്ടി. പുന്നയൂർക്കുളം പെരിയമ്പലത്തു കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴയിൽ ആയിരത്തിലേറെ വാഴകൾ ഒടിഞ്ഞുവീണു വ്യാപക കൃഷി നാശം.
തെങ്ങ് വീണ് വീടു തകർന്നു
അരിമ്പൂർ∙മനക്കൊടി ആശാരിമൂലയിൽ കനത്ത മഴയിൽ ഇന്നലെ പുലർച്ചെ നാലോടെ തെങ്ങ് കടപുഴകി വീണ് വീടു തകർന്നു. വീടിനകത്തുണ്ടായിരുന്ന അമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട് തലയിൽ വീണ് മകന് നിസ്സാര പരുക്കേറ്റു. കയ്പമംഗലം വീട്ടിൽ കമല, മകൻ ഷിജു എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസിയുടെ പറമ്പിലെ തെങ്ങാണ് ഇവരുടെ വീടിന് മുകളിൽ വീണത്.
മരം വീണ് കാർ പോർച്ച് തകർന്നു
ഇരിങ്ങാലക്കുട∙ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ അവിട്ടത്തൂരിലുള്ള ഔദ്യോഗിക വസതിയിലെ മരം കടപുഴകി കാർ പോർച്ചിനു മുകളിൽ വീണു. പോർച്ച് ഭാഗികമായി തകർന്നു. ഔദ്യോഗിക വാഹനവും മറ്റൊരു കാറും ഉണ്ടായിരുന്നെങ്കിലും ഇവയ്ക്കു കേടുപാടുകൾ സംഭവിച്ചില്ല. എസ്പിയുടെ വീടിന് എതിർവശത്ത് കോക്കാട്ട് രാജുവിന്റെ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് മുകളിൽ തെങ്ങ് വീണ് കാറുകൾ ഭാഗികമായി തകർന്നു. അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചു നീക്കി.
തണ്ണിമത്തൻ കൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം
ചേർപ്പ് ∙ കാലവർഷം നേരത്തെ എത്തിയതോടെ പള്ളിപ്പുറം – ആലപ്പാട് പടവിൽ 14 ഏക്കറിൽ കൃഷി ചെയ്തിരുന്ന തണ്ണിമത്തൻ കൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം. കൃഷി ഇറക്കിയതിന്റെ പകുതി മാത്രമേ വിളവെടുപ്പ് നടത്തുവാൻ സാധിച്ചുള്ളുവെന്നും ഏകദേശം 20 ലക്ഷത്തോളം രൂപയുടെ തണ്ണിമത്തൻ നശിച്ചു പോയെന്നും പടവ് വൈസ് പ്രസിഡന്റ് സി.എസ്.പവനൻ പറയുന്നു. ഇപ്പോൾ പാടം നിറയെ തണ്ണിമത്തൻ അഴുകി വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ തവണ ഇവിടെ തണ്ണിമത്തൻ കൃഷി നടത്തി വിജയിച്ചിരുന്നു. അതിൽനിന്നു കിട്ടിയ ലാഭത്തിൽനിന്നു പടവിലെ കർഷകർക്ക് ആയിരം രൂപ വീതം നൽകുകയും ചെയ്തിരുന്നു. കൂടാതെ 10 ലക്ഷം രൂപ പടവിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
മുനക്കൽ ബീച്ചിൽ ചുഴലിക്കാറ്റ്
കൊടുങ്ങല്ലൂർ ∙ അഴീക്കോട് മുനക്കൽ ബീച്ചിൽ ചുഴലിക്കാറ്റിനു സമാനമായി കാറ്റു വീശി. ചീനവല തകർന്നു. ബീച്ചിൽ വ്യാപാരം നടത്തുന്ന 11 സ്ഥാപനങ്ങളുടെ മേൽക്കൂര പൂർണമായും തകർന്നു. പല സ്ഥാപനങ്ങളുടെയും മേൽക്കൂരയിലെ ഷീറ്റുകളും ഓല ഷെഡുകളും തകർന്നു. ചെറുകിട വ്യാപാരികൾക്കു കനത്ത നഷ്ടമാണു സംഭവിച്ചത്. മഠത്തിപ്പറമ്പിൽ ചന്ദ്രന്റെ ചീനവലയാണ് തകർന്നത്. എടമുട്ടത്ത് ദേവൻ, കൊട്ടിക്കൽ നിയാസ്, മുനക്കൽ അബ്ദു റഹ്മാൻ, മുനക്കൽ സജ്ന റഫീക്ക്, ഒ.എ.സുരേഷ്, പരുത്തിയേഴത്ത് മുഹമ്മദ്, മരത്താന്തറ ജമീല, പുന്നിലത്ത് സാദിഖ്, തേങ്ങാക്കൂട്ടിൽ സുഹറ, ഉൗർക്കോലിൽ പുഷ്പ, മുനക്കൽ അബ്ദുൽ കരീം എന്നിവരുടെ സ്ഥാപനങ്ങളിലാണ് നഷ്ടം സംഭവിച്ചത്. ഇ.ടി.ടൈസൺ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജനും സ്ഥലത്തെത്തി.