
എഴുകോൺ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം: ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുകോൺ ∙ നിർമിത ബുദ്ധി എല്ലാ മേഖലയിലേക്കും കടന്നു കയറുന്ന കാലത്ത് മനുഷ്യശേഷി ഭാവിയിൽ കൂടുതൽ വിനിയോഗിക്കപ്പെടുക സ്പോർട്സിലും ആർട്സിലുമായിരിക്കും എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. എഴുകോൺ ഇലഞ്ഞിക്കോട്ടു നിർമിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം മാറനാട് പിഎൽഎസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലാ, കായിക വിനോദങ്ങളിൽ നിർമിത ബുദ്ധിക്കല്ല, മനുഷ്യബുദ്ധിക്കു തന്നെയാണ് എക്കാലത്തും മുൻതൂക്കം. സംസ്ഥാന സർക്കാരിന്റെ കായിക നയരൂപീകരണം അന്തിമഘട്ടത്തിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഒരു വാണിജ്യ ഉൽപന്നം കൂടിയാണ് സ്പോർട്സ് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചു റാണി മുഖ്യ അതിഥിയായി. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി പ്രത്യേക വിഡിയോ സന്ദേശം നൽകി. കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം വി.സുമലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.എച്ച്.കനകദാസ്, പഞ്ചായത്തംഗങ്ങളായ ടി.ആർ.ബിജു, സച്ചു മോഹൻ, കെസിഎ വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖര മേനോൻ, ജോ.െസക്രട്ടറി ബിനീഷ് കോടിയേരി, ജില്ലാ പ്രസിഡന്റ് എൻ.എസ്.അജയകുമാർ, കെസിഎ അംഗങ്ങളായ ആർ.അരുൺകുമാർ, ബി.ആർ.ബിജു, ജില്ലാ ട്രഷറർ എം.ആർ.ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ജി.സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എഴുകോൺ ഇലഞ്ഞിക്കോട്ട് 2015-16 കാലയളവിൽ കെസിഎ ഏറ്റെടുത്ത 10 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 21 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. കെസിഎ ആദ്യമായി നിർമിക്കുന്ന ഗ്രീൻ റേറ്റിങ് ഫോർ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് അംഗീകൃത സ്റ്റേഡിയം കൂടിയാണിത്. അടുത്ത വർഷം അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കഴിയും എന്നാണു പ്രതീക്ഷ.