
വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈൽ ദൃശ്യം പകർത്തിയത്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.
പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലർച്ച നാല് മണി മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്ത് 7 മണിവരെ കാവൽ ഏർപ്പെടുത്തി. പരിശോധന തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. സുൽത്താൻ ബത്തേരി നഗര മധ്യത്തിൽ നേരത്തെയും നിരവധി തവണ പുലി ഇറങ്ങിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പുലിയെ പിടികൂടാൻ കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചതിന് പിന്നാലെയാണ് ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
സുൽത്താൻ ബത്തേരി ടൗണിൽ കോട്ടക്കുന്ന് പുതുശേരിയിൽ പോൾ മാത്യുസിന്റെ വീട്ടിൽ അഞ്ച് തവണയാണ് പുലിയെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് പല തവണ പുലി കോഴികളെയും പിടിച്ചിരുന്നു. ബത്തേരിയില്‍ പുലിക്കായി കൂട് വെക്കണമെന്ന് ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ബത്തേരി നഗരസഭ അംഗങ്ങൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. പിന്നാലെയാണ് കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കബനിഗിരി, മരക്കടവ് മേഖലകളിലും പുലിയെത്തിയിരുന്നു.
കബനിഗിരിയിൽ വീണ്ടും പുലി
കബനിഗിരിയിൽ വീണ്ടും പുലി ആടിനെ ആക്രമിച്ചുകൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ ആടിനെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിൻ്റെ രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നിരുന്നു. ഇത് മൂന്നാമത്തെ ആടിനെയാണ് പുലി കൊല്ലുന്നത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]