
എരുമത്തെരുവ് – ചെറ്റപ്പാലം ബൈപാസ് റോഡിൽ മത്സ്യ മാർക്കറ്റ് വീണ്ടും വിവാദത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ ചെറിയ ഇടവേളയ്ക്ക് ശേഷം എരുമത്തെരുവ് – ചെറ്റപ്പാലം ബൈപാസ് റോഡിലെ മത്സ്യ മാർക്കറ്റ് വീണ്ടും വിവാദത്തിൽ. നഗരസഭയിലെ ആറാം ഡിവിഷനിൽപ്പെട്ട എരുമത്തെരുവ് – ചെറ്റപ്പാലം ബൈപാസ് റോഡിലെ അനധികൃത മത്സ്യമാർക്കറ്റ് അടച്ചുപൂട്ടാനാണു നഗരസഭ ഉത്തരവ് നൽകിയിരിക്കുന്നത്. ഇതേ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക്പോര് നടന്നു.
യുഡിഎഫിലെ ഒരു വിഭാഗം നടപടിയെ അനൂകൂലിച്ചപ്പോൾ മറുവിഭാഗം എതിർപ്പുമായി രംഗത്ത് വന്നു.മാർക്കറ്റ് പൂട്ടുന്നതിനെ അനൂകൂലിക്കുകയും എന്നാൽ ബദൽ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. പരാതികൾ ഉയർന്നതിനെ തുടർന്ന് മുൻപും ഈ മാർക്കറ്റ് അടച്ച് പൂട്ടിയിരുന്നു. മാർക്കറ്റ് പ്രശ്നം പരിഹരിക്കാൻ സ്ഥലം ഉടമകൾ, വ്യാപാരികൾ, നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം വിളിച്ചതായും മാലിന്യപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
പ്രശ്നത്തിൽ യുഡിഎഫിൽ ഭിന്നത ഇല്ലെന്നും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ ഉൾക്കൊണ്ട് ശാശ്വത പരിഹാരത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഴയിൽ തങ്കച്ചൻ, പെരുംകുഴി കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസൻസ് ഇല്ലാതെയും പരിസര മലിനീകരണം ഉണ്ടാക്കുന്നതുമായ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് മാനന്തവാടി നഗരസഭാ സെക്രട്ടറി ഉത്തരവിട്ടത്. നോട്ടിസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളിൽ ഉടമകളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവർത്തനം നിർത്തിവച്ച് വിവരം രേഖാമൂലം നഗരസഭാ ഓഫിസിൽ അറിയിക്കണമെന്നാണ് ഉത്തരവ്.