
നരഭോജിക്കടുവയെ വീണ്ടും കണ്ടു; വനപാലകർക്കെതിരെ വൻ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുവാരകുണ്ട് ∙ ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ വീണ്ടും പ്രദേശവാസികൾ കണ്ടു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ വനപാലകരെ 2 മണിക്കൂർ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയോടെ മദാരിയിൽ അളയിൽ താമസിക്കുന്ന ആദിവാസി വേലായുധനാണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട സ്ഥലത്തിനു സമീപമാണ് ഇന്നലെ കടുവ വീണ്ടും പ്രത്യക്ഷപ്പെട്ടത്. വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി മടങ്ങി വരുമ്പോൾ മേലേ പാന്തറയിൽ വച്ചാണ് നാട്ടുകാർ വനപാലകരെ തടഞ്ഞത്. കടുവയെ മയക്കുവെടിവച്ചു പിടികൂടാൻ വനപാലകർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ആളുകൾ കടുവയെ കണ്ടെന്ന് പറയുമ്പോൾ മാത്രം തിരച്ചിൽ നടത്തുക മാത്രമാണ് വനപാലകർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വൻ പ്രതിഷേധമാണ് വനപാലകർക്ക് എതിരെ ഉയർത്തിയത്. ഇതോടെ വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസ് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമം നടത്തി. രാത്രി പ്രദേശത്ത് കാവൽ ഏർപ്പെടുത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ പിൻവാങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം കടുവയെ കണ്ട സുൽത്താന എസ്റ്റേറ്റിൽ വനപാലകർ കൂട് സ്ഥാപിച്ചു. മാമ്പാട്ട് പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂടാണ് സുൽത്താന എസ്റ്റേറ്റിലേക്ക് കൊണ്ടുവന്നത്.
‘നാട്ടുകാർ ജാഗ്രത പാലിക്കണം’
കാളികാവ് ∙ ഇന്നലെ രാവിലെ ആറുമണിയോടെ ക്യാമറയിൽ കടുവയെ കണ്ട സ്ഥലത്തിന് സമീപത്തുകൂടെ അതേസമയത്ത് നാട്ടുകാർ നടന്ന് പോകുന്നതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിൽ ആയുധമില്ലാതെ നാട്ടുകാർ കടുവയെ തിരയുന്നത് അപകടം സൃഷ്ടിക്കുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. കരുവാരകുണ്ട്, കാളികാവ് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളായ പോത്തൻകാട്, മദാരി എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, മഞ്ഞൾപാറ, അണ്ണൻകുണ്ട് മുതലായ മലയോര പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ പ്രദേശവാസികൾ രാത്രികാലങ്ങൾ പുറത്ത് ഇറങ്ങുന്നതും ജോലി ആവശ്യാർഥം വെളുപ്പിന് മേഖലകളിൽ എത്തിപ്പെടുന്ന തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.