
വാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കവും; വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷിതത്വത്തിൽ ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷിതത്വത്തിൽ ആശങ്ക. പാലത്തിന്റെ തൃശൂർ ദിശയിലേക്കുള്ള ഭാഗം കുത്തിപ്പൊളിച്ചു. വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതോടെയാണു രണ്ടു ജോയിന്റുകൾ ചേരുന്ന ഭാഗത്തെ ടാറിങ് കുത്തിപ്പൊളിച്ചു പുതിയ കമ്പികൾ പാകി ബലപ്പെടുത്താൻ ശ്രമം നടക്കുന്നത്. പൊളിക്കുന്ന ഭാഗത്തെ ഗതാഗതം നിരോധിച്ചാണു നിർമാണം. മേൽപാലത്തിന്റെ പല ഭാഗത്തും ടാറിങ് ഇടിഞ്ഞു താഴുന്നതു സ്ഥിരമായി.
മേൽപാലത്തിന്റെ നിർമാണ അപാകത സംബന്ധിച്ചു പരിശോധന പലതവണ നടത്തിയെങ്കിലും നിർമാണ കമ്പനിക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. പാലത്തിൽ കുലുക്കം അനുഭവപ്പെടുന്നതു സാധാരണമാണെന്നും വലിയ വാഹനങ്ങൾ പോകുമ്പോൾ ഇതു സംഭവിക്കുമെന്നുമാണു കരാർ കമ്പനി പറയുന്നത്.എന്നാൽ, വടക്കഞ്ചേരിയിലെ തന്നെ തേനിടുക്ക് മേൽപാലത്തിന് ഈ പ്രശ്നമില്ലെന്നും വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചു പരിശോധന നടത്തണമെന്നും വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിർമാണവേളയിൽ സാമ്പത്തിക പ്രതിസന്ധി മൂലം സൈറ്റ് എൻജിനീയർ മുതൽ മെക്കാനിക്കുകളും കമ്പനി ജീവനക്കാരും വരെ സമരം നടത്തിയപ്പോൾ വിദഗ്ധ തൊഴിലാളികൾ ഇല്ലാതെയാണു മേൽപാലം നിർമിച്ചതെന്ന ആക്ഷേപം ശക്തമാണ്. നിർമാണ കമ്പനിയായ കെഎംസി ദേശീയപാതയുടെ നിർമാണ കാലാവധി അവസാനിക്കുന്ന 2018 മാർച്ചിൽ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കുതിരാൻ തുരങ്കവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളിലും ജോയിന്റുകൾ കുത്തിപ്പൊളിക്കുന്നതു സ്ഥിരമാണ്.
ദേശീയപാത നിർമാണ അപാകതയും നിശ്ചിത ജോലികൾ സമയത്തു പൂർത്തിയാക്കാത്തതും മൂലം ബാങ്കുകൾ വായ്പ നൽകുന്നതു നിർത്തിവച്ചിരുന്നു. റോഡ് നിർമിച്ച ഭാഗത്തെ തകർച്ചയും വെള്ളച്ചാലുകൾ നിർമിച്ചതിലുള്ള അപാകതയും സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാത്തതും മൂലം ഒട്ടേറെ സമരങ്ങൾ വടക്കഞ്ചേരിയിലും കുതിരാനിലും നടന്നു.സംരക്ഷണഭിത്തി കെട്ടി നൽകാത്തതിനാൽ ദേശീയപാതയോരത്തെ വീടുകളും അപകടാവസ്ഥയിലാണ്.