അവശത മറന്ന് കാട്ടാന, ആരോഗ്യം വീണ്ടെടുക്കുന്നു; നടന്നെത്തി ചക്ക അടർത്തി കഴിച്ചു, വെള്ളം കുടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിതുര∙ മണലി മുത്തിക്കോവിലിനു സമീപം ജനവാസ മേഖലയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന ആരോഗ്യം വീണ്ടെടുക്കുന്നു. ബുധനാഴ്ച മയക്കു വെടി വച്ചതിനു പിന്നാലെ പിൻ ഭാഗത്തെ ഗുരുതര മുറിവിൽ വനം വകുപ്പ് സർജന്റെ നേതൃത്വത്തിൽ മരുന്ന് പുരട്ടിയിരുന്നു. മുറിവ് മൂലമുണ്ടായ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം നേടിയ തരത്തിലുള്ള പെരുമാറ്റമാണ് ഇന്നലെ കാട്ടാന പ്രകടിപ്പിച്ചത്. മയക്കു വെടി വച്ച സ്ഥലത്ത് നിന്നും സാവധാനത്തിൽ ഒരു കിലോ മീറ്ററോളം ദൂരം ആന നടക്കുകയും പ്ലാവിൽ നിന്ന് ചക്ക അടർത്തി കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. അവശ നിലയിൽ കണ്ടെത്തിയ പുരയിടത്തിൽ തന്നെയാണ് ആന ഇപ്പോഴും തുടരുന്നത്. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിമുഖത കാണിക്കാത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പൂർണ ആരോഗ്യത്തോടെ ആനയെ കാട്ടിലേക്ക് മയക്കി അയയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് കല്ലാർ സെക്ഷൻ വനം ഓഫിസർ ആന്റണി ബെൻ ആൽബർട്ട് പറഞ്ഞു.
ഒരാഴ്ച മുൻപ് ജനവാസ മേഖലയിൽ എത്തിയ കാട്ടാനയുടെ പിൻ ഭാഗത്ത് ആഴത്തിൽ മുറിവ് ശ്രദ്ധയിൽപെട്ടതോടെയാണ് ചികിത്സ നൽകാനായി വനം വകുപ്പ് സർജൻ ഡോ.അരുൺ കുമാറിന്റെ നേതൃത്വത്തിൽ മയക്കു വെടി വച്ച് മുറിവിൽ മരുന്നു പുരട്ടിയത്. കാട്ടാനയെ രണ്ടാഴ്ച വനം വകുപ്പിന്റെ പരിധിക്ക് ഉള്ളിൽ നിർത്തി നിരീക്ഷിക്കും. രോഗ ബാധ മൂലം ഉണ്ടായ പരുക്കാണ് എന്നാണ് സർജൻ നൽകിയ സൂചന. മുറിവ് പൂർണ ഭേദമായ ശേഷം കാടിന് ഉള്ളിലേക്ക് മടക്കി അയയ്ക്കാനുള്ള ശ്രമങ്ങൾ നടത്തും. രണ്ടാഴ്ചയ്ക്കു ശേഷം ചികിത്സയ്ക്കായി കൂടുതൽ സമയം വേണമെങ്കിൽ അതും പ്രയോജനപ്പെടുത്തും. സ്ഥലത്ത് വനം വകുപ്പ് സംഘം നിരീക്ഷണത്തിനായി ക്യാംപ് ചെയ്യുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇതേ ആന പലപ്പോഴായി ഇറങ്ങിയിട്ടുണ്ട്. കൃഷി നശിപ്പിച്ചിട്ടുണ്ട് എങ്കിലും ആരെയും ഇതുവരെ ആക്രമിച്ചതായി വിവരമില്ല. മുപ്പത് വയസ്സോളം പ്രായമുള്ള മോഴയാനയാണിത്. മറ്റ് ആനകൾ കൂട്ടത്തിൽ കൂട്ടാതെ വന്നതോടെ കാടിറങ്ങിയെത്തിയതാണെന്നാണ് നിഗമനം.