
എംകെ റോഡിന്റെ വശങ്ങൾ കാട് കീഴടക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴഞ്ചേരി ∙ സംസ്ഥാന പാതയായ മാവേലിക്കര– കോഴഞ്ചേരി(എംകെ) റോഡിന്റെ വശങ്ങൾ കാട് കയറുന്നു. കഴിഞ്ഞ ഒരു വർഷമായി കാടു വെട്ടൽ ജോലി നടത്താത്തതിനാൽ പാതയിൽ കാഴ്ച്ച മറച്ചു കാടു വളർന്ന് അപകടസാധ്യത ഉയർത്തിയിരിക്കുകയാണ്. ആറാട്ടുപുഴ മുതൽ തെക്കേമല വരെയുള്ള ഭാഗങ്ങളിലാണു റോഡിന് ഇരുവശവും കാട് വളർന്നുനിൽക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാകും.
2001-ലെ യുഡിഎഫ് സർക്കാരാണ് ഈ റോഡിനെ കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കെഎസ്ടിപി ആദ്യമായി നിർമാണച്ചുമതല ഏറ്റെടുത്ത ആദ്യ സംസ്ഥാനപാത കൂടിയാണിത്. ട്രെയിൻ മാർഗം എത്തുന്ന ശബരിമല തീർഥാടകർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്കു പോകാൻ ആശ്രയിക്കുന്ന പ്രധാന പാത കൂടിയായ എംകെ റോഡിൽ ശബരിമല മാസപൂജ സമയങ്ങളിലും ബസുകളുടെ എണ്ണം വളരെ കൂടുതലാണ്. ആറാട്ടുപുഴയ്ക്കും മാലക്കരയ്ക്കും ഇടയിലുള്ള വളവും വീതി കുറഞ്ഞതുമായ ഭാഗം, ഇടയാറന്മുള കാണിക്കാവഞ്ചിപ്പടി ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടുത്ത അപകടസാധ്യത നിലനിൽക്കുന്നു.
റോഡിന്റെ അറ്റകുറ്റപ്പണികളും വശങ്ങളിലെ കാട് വെട്ടുന്നതും കഴിഞ്ഞവർഷം വരെ ചെയ്തിരുന്നതു കെഎസ്ടിപി നേരിട്ടായിരുന്നു. കെഎസ്ടിപി അറ്റകുറ്റപ്പണികളുടെ കരാർ ഒഴിഞ്ഞെന്ന അറിയിപ്പ് ലഭിക്കാത്തതിനാൽ ആറന്മുള പഞ്ചായത്തിന് കാട് തെളിക്കാൻ നടപടിയെടുക്കാൻ കഴിയില്ലെന്നത് സാങ്കേതിക പ്രശ്നമായി തുടരുന്നു.കാടുകൾ റോഡിലേക്കു കയറി വളരുന്നതിനാൽ കാൽനട യാത്ര പോലും ദുർഘടമാണ്. പകൽ സമയത്തും ഇഴജന്തുക്കളും റോഡിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കാണാം. അടിയന്തരമായി പാതയുടെ ഇരുവശങ്ങളിലുമായി കാടുകൾ തെളിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.