
റെയ്ഡിന്റെ മറവിൽ കവർച്ച: എക്സൈസുകാരെ കുടുക്കിയത് കൂട്ടുപ്രതിയുടെ സ്ത്രീ താൽപര്യം!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ക്രിമിനലുകൾക്കൊപ്പം അതിഥി തൊഴിലാളി ക്യാംപിൽ ‘റെയ്ഡ്’ നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുടുക്കിയതു സംഘത്തിലെ കൊലക്കേസ് പ്രതിയുടെ സ്ത്രീ താൽപര്യം! ആലുവ– പെരുമ്പാവൂർ റൂട്ടിലുള്ള തെക്കേ വാഴക്കുളത്തെ അതിഥി തൊഴിലാളി ക്യാംപിൽ ‘റെയ്ഡ്’ നടത്താൻ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിയുടെ മൊബൈൽ നമ്പർ പ്രതികളിലൊരാളായ മണികണ്ഠൻ ബിലാൽ കൈവശപ്പെടുത്തിയിരുന്നു.
പൊലീസ് ചമഞ്ഞു നടത്തിയ ‘റെയ്ഡിൽ’ പിടിച്ചെടുത്ത അതിഥിത്തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും വീതം വച്ച ശേഷം എല്ലാവരും മടങ്ങിപ്പോയെങ്കിലും പുലർച്ചെ മണികണ്ഠൻ തിരികെയെത്തി. ഇതര സംസ്ഥാനക്കാരിയുടെ മൊബൈലിൽ വിളിച്ച മണികണ്ഠൻ ഇവരോടു പുറത്തിറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. റെയ്ഡ് നടത്തിയതു പൊലീസ് തന്നെയെന്നു വിശ്വസിച്ചിരുന്ന അതിഥിത്തൊഴിലാളികളിൽ ഈ സംഭവം സംശയം ജനിപ്പിച്ചു. തുടർന്നാണു പൊലീസിലേക്കു പരാതി എത്തിയത്.
പരാതി അന്വേഷിക്കാനെത്തിയ പൊലീസിനു ഇതര സംസ്ഥാനക്കാരി മണികണ്ഠന്റെ ഫോൺ നമ്പർ കൈമാറിയതോടെ റെയ്ഡിന് എത്തിയവരിൽ ഗുണ്ടകളും ഉണ്ടെന്നു തെളിഞ്ഞു. റെയ്ഡിന്റെയും ഇതിനു ശേഷം മണികണ്ഠൻ ക്യാംപിൽ എത്തുന്നതിന്റെയും ഉൾപ്പെടെ സകല ദൃശ്യങ്ങളും ക്യാംപ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഉടമ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു കൂടി കിട്ടിയതോടെ പൊലീസിനു കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി.
മൊബൈൽ ലൊക്കേഷൻ കണ്ടെത്തി മണികണ്ഠനെ വൈകാതെ പിടികൂടി. അതിഥിത്തൊഴിലാളി ക്യാംപിൽ നിന്നു പ്രതികൾ കവർന്ന മൊബൈൽ ഫോണുകൾ മണികണ്ഠന്റെ പക്കൽ നിന്നു കിട്ടി. പ്രതികളിലെ മറ്റൊരു എക്സൈസ് ഉദ്യോഗസ്ഥൻ സലിം യൂസഫിന്റെ കാർ കൂടി മണികണ്ഠന്റെ വീട്ടുമുറ്റത്തു നിന്നു കിട്ടിയതോടെ എക്സൈസ്–ഗുണ്ടാ ബന്ധം മറനീക്കി. വേണ്ടവിധം ചോദ്യം ചെയ്തപ്പോൾ സംഘത്തിൽ ആരൊക്കെ ഉണ്ടെന്നു മണികണ്ഠൻ വെളിപ്പെടുത്തിയതിനെ തുടർന്ന് ഇവരെയും പിടികൂടി.
56,000 രൂപ റെയ്ഡ് നടത്തി പിടിച്ചെടുത്തതിൽ വെറും 5,000 രൂപയും രണ്ടു മൊബൈൽ ഫോണുകളും മാത്രമാണു ഗുണ്ടകൾക്കു നൽകിയതെന്നും ബാക്കി പണം എക്സൈസ് ഉദ്യോഗസ്ഥർ വീതിച്ചെടുത്തു എന്നുമാണു മണികണ്ഠൻ പൊലീസിനു നൽകിയ മൊഴി.