
ചാലക്കുടി കൂടപ്പുഴയിൽ തെരുവു നായ 12 പേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചു; നായയെ നാട്ടുകാർ തല്ലിക്കൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ കൂടപ്പുഴയിൽ 12 പേർക്കു പരുക്കേറ്റു. കയ്യിലും കാലിലും മറ്റു ശരീര ഭാഗങ്ങളിലും നായ കടിച്ചിട്ടുണ്ട്. പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്. കൂടപ്പുഴ ക്ഷേത്രം, ജനത റോഡ്, ലൂസിയ ഹോട്ടൽ ബൈ റോഡ്, സെൻ്റ് ജോസഫ്സ് കപ്പേള റോഡ്, അശോക് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ, പവർഹൗസ് റോഡ് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം. പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി.
എലിഞ്ഞിപ്ര പല്ലിശേരി ഡേവിസ് (62), ചാലക്കുടി വടക്കൻ ഏയ്ബൻ ബിജോ (13), മാതിരപ്പിള്ളി ജോയൽ സോജൻ (17), വെട്ടുകടവ് കൈതവളപ്പിൽ ശ്രുതിൻ (20), മേലൂർ പള്ളിപ്പുറം സീന ജോസഫ്, ജീവൻ, വെട്ടുകടവ് ചിറമൽ ജോബി, ചാലക്കുടി തെക്കേപ്പറമ്പിൽ വീട്ടിൽ അഭിനവ് (13), ചാലക്കുടി പുല്ലൂപ്പറമ്പിൽ വീട്ടിൽ ലിജി ബെന്നി, ജലജ, ചാലക്കുടി കാട്ടുപറമ്പിൽ കെ.എസ്.നന്ദിത എന്നിവരാണു ചികിത്സയിലുള്ളത്. നായ ഒട്ടേറെ പേരെ ഓടിച്ചു. പലർക്കും നേരെ അപ്രതീക്ഷിതമായി ചാടി വീണു. സ്ത്രീകളും കുട്ടികളും ഉൾപെടെ പലരും ഓടി. വാർഡ് ഗ്രൂപ്പുകളിൽ അറിയിപ്പ് എത്തിയതോടെ പലരും അകത്തു കയറി വീടുകൾ പൂട്ടി. ചത്ത നായയെ പോസ്റ്റ്മോർട്ടം നടത്തും.
നഗരസഭാ പ്രദേശത്ത് ഒരു മാസത്തിനിടെ നാലാമത്തെ തവണയാണു തെരുവു നായ ആക്രമണമുണ്ടാകുന്നത്. മുൻപ് 3 നായ്ക്കൾക്കു പേവിഷ ബാധ ഉണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. 30ലധികം പേരെയാണു പല ദിവസങ്ങളിലായി നായ ആക്രമിച്ചത്. തെരുവ് നായ ശല്യം അതിരൂക്ഷമായിട്ടും നഗരസഭുടെ ഭാഗത്തു നിന്നു കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച 10നു നഗരസഭാ ഓഫിസിലേക്ക് എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. മാർക്കറ്റിലും പരിസരങ്ങളിലും തെരുവു നായകൾ കൂട്ടമായി തമ്പടിക്കുകയും മാർക്കറ്റിലെത്തുന്നവരിൽ പലരും ആക്രമണം നേരിടുകയും ചെയ്തിട്ടും നായശല്യം ഒഴിവാക്കാൻ നഗരസഭ നടപടിയെടുക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എൽഡിഎഫിന്റെ ആരോപണം.