
10 രൂപയ്ക്ക് ബാഗ്: ‘ഗോ ടു യുവർ ക്ലാസ്സസ്’ എന്ന് സഖറിയ മാർ സേവേറിയോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടുക്കി∙ ഒരു ഒാട്ടോഗ്രാഫ് കൊടുത്തതിനു പിന്നാലെയുണ്ടായ ഹൃദയഹാരിയായ ചില സംഭവങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞ ചില തീരുമാനങ്ങളും പങ്കു വച്ച് ഒാർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ്. ‘ഗോ ടു യുവർ ക്ലാസസ്’ എന്ന പേരിൽ അർഹരായ കുട്ടികൾക്ക് 10 രൂപയ്ക്ക് സ്കൂൾ ബാഗ് നൽകാൻ ആരംഭിക്കുന്ന പദ്ധതിയുടെ ജനനം എങ്ങനെയെന്നാണ് മനസ്സു തൊടുന്ന വാക്കുകളിൽ ബിഷപ്പ് പറഞ്ഞു വയ്ക്കുന്നത്. സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കു വച്ച് കുറിപ്പ് ഇങ്ങനെ.
‘ഓരോരോ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ നിനക്ക് ആവർത്തന വിരസത തോന്നാം. പക്ഷെ, ചിലത് മനസ്സിൽ കിടന്ന് വല്ലാതെ തികട്ടും. ഒടുവിലത് കടലാസിൽ പെറും. കുറെ മാസങ്ങൾക്ക് മുമ്പാണ്.
നെടുങ്കണ്ടം പള്ളിയിൽ നിന്ന് അന്ന് മടങ്ങുമ്പോൾ കുറെ കുട്ടികൾ വട്ടം കൂടി. ഒരുത്തന്റെ സൺഡേസ്കൂൾ നോട്ടുബുക്കിന്റെ അവസാന താളിൽ ഒരൊപ്പിട്ടു കൊടുക്കണമത്രേ! നമ്മുടെ old Autograph. ഒരൊപ്പിട്ട ഓർമ്മയേയുള്ളു. പിന്നെ മുപ്പതോളമെണ്ണം ഇട്ടിട്ടാണ് വണ്ടി കേറ്റിയത്. ശരിക്കും Twist ഇവിടെയല്ല.പിന്നെയും ഒരിടവേളയ്ക്ക് ശേഷം ഇടവക സന്ദർശനത്തിന് അവിടെയെത്തിയപ്പോൾ വികാരിയച്ചൻ പറഞ്ഞ വാക്കിലാണ് കഥ മാറുന്നത്.
അച്ചൻ ഒരു വീട്ടിലെത്തിയപ്പോൾ തേക്കാത്ത ചുവരിൽ ഗിൽറ്റ് പേപ്പർ ചുറ്റും ഒട്ടിച്ച ഒരു ഇരട്ടവരയൻ പുസ്തകത്താൾ തിളങ്ങി നിൽക്കുന്നു. സത്യമായും അത് നമ്മളൊപ്പിട്ട കടലാസു കീറ്റാണെന്ന അറിഞ്ഞ നിമിഷമൊണ്ടല്ലോ സാറേ… പിന്നെ ചുറ്റുമുള്ളതൊന്നും ഓർക്കാനേ കഴിഞ്ഞില്ല. ശരിക്കും ഈ സ്നേഹത്തിനെന്താ പകരം നൽകക? അന്നാപ്പിന്നെ സ്കൂൾ തുറക്കട്ടെ എന്ന് കരുതി. എന്തേലും കൊടുത്താൽ എന്റെ പിള്ളാർക്കെല്ലാം കൊടുക്കണം.
ഇല്ലെങ്കിൽ അടുത്ത ക്യാമ്പിന് അതുങ്ങള് അരമന തിരിച്ചു വെയ്ക്കും. അതുകൊണ്ട് സൺഡേ സ്കൂൾ പ്രസ്ഥാനം വഴി അദ്ധ്യാപകർ തെരഞ്ഞെടുത്ത് നൽകിയ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസിലെ ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും പുത്തൻ ബാഗ് നൽകാം എന്ന് നിശ്ചയിച്ചു. തോട്ടം മേഖലയുൾപ്പെട്ടതിനാൽ ബാഗ് വേണ്ടവരുടെ എണ്ണം നല്ല കൂടുതൽ വന്നു. നേരെ കിറ്റെക്സ് വരെ പോയി. ബോബി സാറും ജെഫും നേരിട്ട് ഇടപെട്ടത് കൊണ്ട് തരക്കേടില്ലാതെ സ്കൂബീ ഡേ ഉറപ്പിച്ചു. കളി കഴിഞ്ഞ് ഇനി നന്നായി പഠിക്കട്ടെ നമ്മുടെ പിള്ളേര്. NB:ബാഗ് വെറുതയല്ല കേട്ടോ. ബാഗൊന്നിന് 10 രൂപാ വില തരണം. 10 രൂപാ. Then Go To Your Classes.’
കുട്ടികൾക്കുള്ള ബാഗ് വിതരണം ഉടനടി ആരംഭിക്കുമെന്നാണ് മെത്രാപ്പൊലീത്തയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. വൃത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ള സഖറിയ മാർ സേവേറിയോസ് കഴിഞ്ഞ വേനലവധിക്കാലത്ത് കുട്ടികൾക്ക് കളിക്കാനുള്ള ക്രിക്കറ്റ് കിറ്റും ഫുട്ബോളും നേരിട്ടു കടയിൽ പോയി വാങ്ങി നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.