
ഗവ. മോയൻ എൽപി സ്കൂളിലെ പുതിയ കെട്ടിടം സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ഗവ.മോയൻ എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അധ്യയന വർഷാരംഭത്തിനു മുൻപു പൂർത്തിയാക്കണമെന്ന് ആവശ്യം. എങ്കിൽ മാത്രമേ സ്കൂളിലെ ക്ലാസ് മുറികളുടെ കുറവ് പരിഹരിക്കാനാകൂ. നിലവിൽ 10 ക്ലാസ് മുറികളുടെ കുറവാണ് ഉള്ളത്. പുതിയ കെട്ടിടത്തിൽ 10 ക്ലാസ് മുറികളുണ്ട്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വരാന്തയിലും സ്റ്റേജിലും താൽക്കാലിക ക്ലാസ് മുറികൾ സജ്ജമാക്കിയാണു പഠനം.നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ 90% പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്.
ഇനി വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ലഭ്യമാക്കണം. ആവശ്യത്തിനു ബെഞ്ചും ഡെസ്ക്കും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനോടൊപ്പം സ്കൂളിലെ സിംഗിൾ ഫെയ്സ് ലൈൻ ത്രി ഫെയ്സ് ആക്കി ഉയർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ സോളർ പാനലും ഉപയോഗിക്കാനാകൂ. നഗരസഭ അടിയന്തര നടപടി സ്വീകരിച്ചാൽ ജൂണിനു മുൻപു ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നു രക്ഷിതാക്കൾ പറയുന്നു. സ്കൂളിലെ ക്ലാസ് മുറി ക്ഷാമം പരിഹരിക്കണമെന്നുള്ളതു വർഷങ്ങളായുള്ള ആവശ്യമാണ്.
പൂർത്തീകരണം ഉടനെന്ന് നഗരസഭാധ്യക്ഷ
മോയൻ എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ബാക്കി നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. ഇതിനായി നഗരസഭയുടെ തനതു ഫണ്ടിൽ നിന്നു തുക അനുവദിച്ചിട്ടുണ്ട്. ഈ ആഴ്ച തന്നെ അവലോകന യോഗം വിളിക്കും. അധ്യയന വർഷാരംഭത്തിനു മുൻപു കെട്ടിടം സ്കുളിനു സമർപ്പിക്കും.