
ജീവനക്കാരുടെ കുറവ് രൂക്ഷം; സർവീസ് റദ്ദാക്കൽ തുടർന്ന് മാവേലിക്കര കെഎസ്ആർടിസി ഡിപ്പോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ ജീവനക്കാരുടെ കുറവു മൂലം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് റദ്ദാക്കൽ പതിവാകുന്നു. ഡിപ്പോയിൽ 30 ഷെഡ്യൂളുകൾ നടത്തുന്നതിനു 60 വീതം ഡ്രൈവറും കണ്ടക്ടറും വേണം. എന്നാൽ നിലവിൽ 49 ഡ്രൈവറും 51 കണ്ടക്ടർമാരും മാത്രമാണുള്ളത്. ദിവസവും 5 മെഡിക്കൽ അവധി ഉൾപ്പെടെ 8 പേർ അവധിയിലും ആകുന്നതോടെ 24 ഷെഡ്യൂളുകൾ മാത്രമാണു നടത്താൻ സാധിക്കുന്നത്. ജീവനക്കാരുടെ കുറവു മൂലം പത്തനംതിട്ട, തിരുവല്ല റൂട്ടിലെ 2വീതം സർവീസും തിരുവല്ല ഫാസ്റ്റ് പാസഞ്ചറും സ്ഥിരമായി റദ്ദാക്കുന്ന അവസ്ഥയാണ്. വിവിധ കാരണങ്ങളാൽ താൽക്കാലിക ഡ്രൈവർമാരെ മാറ്റിയതിനാൽ ഡ്രൈവർമാരുടെ കുറവ് രൂക്ഷമാണ്.
കഴിഞ്ഞ മാസങ്ങളിൽ പ്രവർത്തന ലാഭം നേടിയ ഡിപ്പോയിൽ ജീവനക്കാരുടെ കുറവു മൂലം സർവീസ് റദ്ദാക്കൽ തുടർന്നാൽ ഏറെ തിരക്കുള്ള മേയ്, ജൂൺ മാസങ്ങളിൽ വരുമാനം കുത്തനെ കുറയുമെന്നതിൽ തർക്കമില്ല. ജീവനക്കാരുടെ കുറവ് മൂലം സീതാമൗണ്ട്, തെങ്കാശി സർവീസുകളും കൃത്യമായി നടത്താൻ സാധിക്കുന്നില്ല. മുൻപ് രാവിലെ 8.20നും വൈകിട്ട് 5.30നും സർവീസ് നടത്തിയിരുന്ന തെങ്കാശിയുടെ വൈകിട്ടത്തെ സർവീസ് ഇപ്പോൾ സ്ഥിരമായി റദ്ദാക്കി. വരുമാനം കുറവാണെന്നു ചൂണ്ടിക്കാട്ടിയാണു വൈകിട്ടത്തെ തെങ്കാശി സ്റ്റേ സർവീസ് റദ്ദാക്കിയത്.
എന്നാൽ തെങ്കാശി സർവീസ് തിരുനെൽവേലി വരെ നീട്ടിയാൽ വരുമാനം വർധിക്കുമെന്ന നിർദേശം സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. ദിവസവും സർവീസ് നടത്തിയിരുന്ന സീതാമൗണ്ട് ഇപ്പോൾ 3 ദിവസം മാത്രമാണു സർവീസ് നടത്തുന്നത്. സീതാമൗണ്ട് സർവീസിൽ പോകുന്ന ജീവനക്കാർക്കു 3 ഡ്യൂട്ടിയും അടൂർ ഡിപ്പോയിൽ നിന്നുള്ള സീതാമൗണ്ട് സർവീസിനു ജീവനക്കാർക്കു 4 ഡ്യൂട്ടിയുമാണ് അനുവദിക്കുന്നത്. രാവിലെ 7.10നു പുറപ്പെടുന്ന സർവീസ് തിരികെ എത്തുന്നതു തൊട്ടടുത്ത ദിവസം രാത്രി എട്ടരയോടെയാണ്. ഒരു ഡ്യൂട്ടി കുറവ് അനുവദിക്കുന്നതിനാൽ സീതാമൗണ്ട് ഷെഡ്യൂളിൽ പോകുന്നതിനും ജീവനക്കാർക്കു താൽപര്യക്കുറവുണ്ട്.