
മലയാളത്തിന് ഒഡീഷക്കാരന്റെ എ പ്ലസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ‘‘പരീക്ഷാഫലം വന്നോ? ഞാനറിഞ്ഞില്ല!’’ ഒഡീഷക്കാരൻ സൻഗ്രാം പ്രധാന് അമ്പരപ്പ്. ഒഡീഷയാണ് മാതൃഭാഷ. പക്ഷേ തലക്കുളത്തൂർ സിഎംഎം എച്ച്എസ്എസിൽ ചേർന്ന് മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതി മലയാളത്തിൽ എ പ്ലസ് വാങ്ങി അധ്യാപകരെ ഞെട്ടിച്ചിരിക്കുകയാണ് സൻഗ്രാം പ്രധാൻ. മലയാളവും ഇംഗ്ലിഷും അടക്കം മൂന്നു വിഷയങ്ങളിൽ എ പ്ലസുമായാണ് സൻഗ്രാം പരീക്ഷ പാസായത്.
6 വർഷം മുൻപാണ് ഒഡീഷയിലെ ഗൻജു ജില്ലയിൽനിന്ന് സൻഗ്രാം പ്രധാന്റെ കുടുംബം കോഴിക്കോട്ട് എത്തിയത്. തലക്കുളത്തൂർ പറമ്പത്താണ് താമസം. അച്ഛൻ ഹേമന്ദ് പ്രധാനും അമ്മ പ്രൊതിമ പ്രധാനും കൂലിപ്പണിക്കാരാണ്. അനിയൻ ദ്വിതി കൃഷ്ണ സിഎംഎം സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ കേരളത്തിലെ സ്കൂളിൽ ചേരുമ്പോൾ രണ്ടാം ഭാഷയായി ഇംഗ്ലിഷാണ് പതിവായി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ സൻഗ്രാം മലയാളമാണ് തിരഞ്ഞെടുത്തത്. സിഎംഎം സ്കൂളിൽ അഞ്ചാം ക്ലാസിലാണ് ചേർന്നത്. എന്തു കാര്യവും സൂക്ഷ്മതയോടെ ചെയ്യുന്ന സൻഗ്രാം എല്ലാ അധ്യാപകരുടെയും പ്രിയപ്പെട്ട കുട്ടിയാണ്. ഈ വർഷം തുടക്കത്തിൽ പഴയ ബാഗുമിട്ട് സ്കൂളിൽ വന്ന സൻഗ്രാമിനു സ്കൂൾ ബാഗും മറ്റും വാങ്ങിക്കൊടുത്തതും അധ്യാപകരായിരുന്നു.