
തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
മലബാറിലെ 5 ജില്ലകളിലെ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്.
എന്നാൽ ആ ശ്രദ്ധയും കരുതലും മെഡിക്കൽ കോളജിനു കിട്ടുന്നുണ്ടോ? സ്ഥലപരിമിതി, ജീവനക്കാരുടെ ക്ഷാമം, മാലിന്യ നിർമാർജന സൗകര്യങ്ങൾ തുടങ്ങി അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ ഒട്ടേറെ.
കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂടി ആശങ്കയാകുന്നു. പിഎംഎസ്എസ്വൈ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി ഒരാഴ്ച പിന്നിട്ടു.
രണ്ടു തവണ അപകടമുണ്ടായതോടെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കി മാത്രമേ രോഗികളെ പ്രവേശിപ്പിക്കൂ എന്നാണ് ആരോഗ്യവകുപ്പിന്റെ ഉറപ്പ്. ഇതോടെ നേരത്തെയുണ്ടായിരുന്ന പരിമിതികളിലേക്കു തന്നെ രോഗികൾ മടങ്ങേണ്ടി വന്നു.
അന്വേഷണങ്ങളും സുരക്ഷ ഉറപ്പാക്കലും എന്നു പൂർത്തിയാകുമെന്നു കൃത്യമായ ധാരണയുമില്ല. മെഡിക്കൽ കോളജിന്റെ കാഴ്ചകളിലൂടെ…
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടർന്നു ആളൊഴിഞ്ഞു കിടക്കുന്ന മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ കെട്ടിടം.
ജീവനക്കാരില്ലാതെ മെഡിക്കൽ കോളജ്
ആവശ്യത്തിനു ജീവനക്കാരില്ലാതെ ശ്വാസം മുട്ടുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ്.
ആകെ 393 ഡോക്ടർമാരുടെ തസ്തികയുള്ളതിൽ 64 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ ചട്ടങ്ങൾ പ്രകാരം നഴ്സ്–രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇത് 1:50 ആണ്.
അത്യാഹിതവിഭാഗം അടങ്ങുന്ന പിഎംഎസ്എസ്വൈ ബ്ലോക്ക്, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, ടെർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ, പെയിൻ ആൻഡ് പാലിയേറ്റീവ്, സംരക്ഷണകേന്ദ്രം തുടങ്ങി എട്ടോളം സ്ഥാപനങ്ങളിൽ ജീവനക്കാരെ വിന്യസിക്കുന്നത് എംസിഎച്ചിൽ നിന്നാണ്. കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ കാഷ്വൽറ്റിയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിലെ തിരക്ക്. ചിത്രം: മനോരമ
നിലവിൽ 700 ജീവനക്കാരുടെ കുറവുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു തസ്തിക പോലും സൃഷ്ടിക്കാതെയാണു കഴിഞ്ഞ വർഷം പുതിയ സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി (അത്യാഹിതവിഭാഗം) കോംപ്ലക്സ് പിഎംഎസ്എസ്വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയത്.
1996 ആരംഭിച്ച 205 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലും പുതിയ തസ്തികയൊന്നും അനുവദിച്ചിട്ടില്ല. പിഎംഎസ്എസ്വൈ ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ 700 ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് ആശുപത്രി അധികൃതർ ഡിഎംഇക്ക് കഴിഞ്ഞവർഷം ഡിസംബറിൽ നിവേദനം നൽകിയിരുന്നു.
പൊട്ടിത്തെറി ഉണ്ടായതോടെയാണ് ഇവിടെ 150 തസ്തികകൾ പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ കെട്ടിടത്തിന്റെ നിർമാണത്തിലും പരിപാലനത്തിലും അശാസ്ത്രീയതകൾ ഏറെയുണ്ടെന്നു പരാതിയുണ്ട്.
ഇതിൽ പ്രധാനമായിരുന്നു എമർജൻസി എക്സിറ്റുകൾ. കഴിഞ്ഞയാഴ്ച തീപിടിത്തമുണ്ടായപ്പോൾ രോഗികളെ രക്ഷപ്പെടുത്താൻ കഴിയാതെ ബന്ധുക്കൾ ബുദ്ധിമുട്ടി.
എമർജൻസി എക്സിറ്റുകൾ ചങ്ങലയിട്ടു പൂട്ടിയിട്ടതോടെ പൊട്ടിത്തെറി ഉണ്ടായപ്പോൾ രോഗിയെ പുറത്തെത്തിക്കാൻ ബന്ധുവിന് ഇത് അടിച്ചു തകർക്കേണ്ടി വന്നു. തൊട്ടടുത്തുള്ള മറ്റൊരു എമർജൻസി എക്സിറ്റ് തുറക്കാനും കഴിഞ്ഞില്ല.
എമർജൻസി എക്സിറ്റുകളിൽ ഒന്നു താഴിട്ടു പൂട്ടിയ നിലയിൽ.
അസൗകര്യങ്ങളുടെ പഴയ അത്യാഹിത വിഭാഗം
മലബാറിലെ 5 ജില്ലകളിൽ നിന്നായി പ്രതിദിനം ആയിരത്തോളം പേർ എത്തുന്ന മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗം. ഇരുണ്ട
മുറികൾ, പലയിടത്തും പൊട്ടിയൊലിക്കുന്ന മേൽക്കൂര. നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ.
തിക്കും തിരക്കും കൊണ്ടു ശ്വാസം മുട്ടുന്ന ജീവനക്കാരും രോഗികളും. നേരത്തെ ഈ അത്യാഹിത വിഭാഗം പിഎംഎസ്എസ്വൈ കെട്ടിടത്തിലേക്കു മാറിയെങ്കിലും തീപിടിത്തമുണ്ടായതോടെ വീണ്ടും ഇവിടേക്കു തന്നെ തിരിച്ചു വരേണ്ടി വന്നു.
ഇതോടെ മുൻപുണ്ടായിരുന്നതിനേക്കാൾ ദുരിതം കൂടി. മെഡിക്കൽ കോളജിൽ കോവിഡ് കാലത്തു തള്ളിയ മാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ കിടക്കുന്ന നിലയിൽ.
കോവിഡ് കാലത്തെ മെഡിക്കൽ, സർജിക്കൽ മാലിന്യങ്ങൾ വർഷങ്ങളായി ഇൻസിനറേറ്ററിന് പിറകിൽ കൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് മുൻപു കൊണ്ടുവന്നു തള്ളിയ മാലിന്യവും ഇവിടെയുണ്ട്.
ഇതെല്ലാം ഇൻസിനറേറ്ററിന് പിന്നിലും വശങ്ങളിലുമായി കൂമ്പാരമായി കിടക്കുകയാണ്. മഴ ആരംഭിക്കുന്നതോടെ ഇവ ചീഞ്ഞളിഞ്ഞു സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തൊട്ടടുത്താണു ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സ്. നിത്യേന മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്പെഷ്യൽറ്റി ടെർഷ്യറി കാൻസർ സെന്റർ, പിഎംഎസ്എസ്വൈ ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നായി 3 ടണ്ണോളം അജൈവമാലിന്യമാണ് ഇൻസിനറേറ്ററിലേക്ക് എത്തുന്നത്.
മണിക്കൂറിൽ 150 കിലോ മാലിന്യമാണ് ഇതിൽ കത്തിച്ചിരുന്നത്. ആശുപത്രിയിലെ മാലിന്യത്തിന്റെ അളവ് അനുസരിച്ചു മറ്റൊരു ഇൻസിനറേറ്റർ കൂടി അത്യാവശ്യമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് കാലത്തു തള്ളിയ മാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ കിടക്കുന്ന നിലയിൽ.
മെഡിക്കൽ കോളജിലെ ഭാഗികമായി പ്രവർത്തിക്കുന്ന ഇൻസിനറേറ്റർ. (ഇൻസെറ്റിൽ)
പ്രതീക്ഷ നൽകിയ പിഎംഎസ്എസ്വൈ കെട്ടിടം
200 കോടി രൂപ മുടക്കി നിർമിച്ച പിഎംഎസ്എസ്വൈ കെട്ടിടം തീപിടിത്തമുണ്ടായതോടെ പൂർണമായും അടച്ചു പൂട്ടിയ നിലയിൽ.
7 നിലകളിലായി ഒട്ടേറെ വാർഡുകൾ, സൂപ്പർ സ്പെഷ്യൽറ്റി സർജറി യൂണിറ്റുകൾ, ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം തുടങ്ങി രോഗികൾക്ക് ഏറെ സൗകര്യങ്ങൾ ലഭിക്കുമായിരുന്ന കെട്ടിടമായിരുന്നു ഇത്. കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പഴയ കാഷ്വൽറ്റിയിലേക്കു മാറ്റിയപ്പോൾ. ചിത്രം: മനോരമ
പക്ഷേ 4 ദിവസത്തിനിടെ രണ്ടു തവണ തീപിടിത്തമുണ്ടായതോടെ സുരക്ഷ സംബന്ധിച്ച് ആശങ്കയായി.
ഇതോടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ എല്ലാം അടച്ചു പൂട്ടിയ നിലയിൽ. ഇവിടെ ഉണ്ടായിരുന്ന രോഗികളെ മെഡിക്കൽ കോളജിലെ മറ്റ് വാർഡുകളിലേക്കും മറ്റും മാറ്റിയതോടെ അവിടെ സ്ഥലമില്ലാത്ത അവസ്ഥയുമായി.
രോഗികൾ നിലത്തും വരാന്തയിലും കിടക്കേണ്ട അവസ്ഥയായി.
കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ കെട്ടിടത്തിന്റെ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ സാധനങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]