
വേദിയിൽ വേടൻ, ഒഴുകിയെത്തി ജനം; റാപ് ഷോയ്ക്ക് ഒരുക്കിയത് കർശന സുരക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി∙ വേടനു വേദിയൊരുക്കിയപ്പോൾ കൗമാരപ്പടയുടെ ശക്തി സർക്കാർ കണ്ടറിഞ്ഞു. വൈകിട്ട് 7.30 ന് വാഴത്തോപ്പ് ഗവ.വൊക്കേഷനൽ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും വൈകിട്ട് നാലോടെ കുട്ടികളുടെയും യുവാക്കളുടെയും പ്രവാഹമായി. കുട്ടികൾ ആവേശത്തോടെ വേടനു ആർപ്പുവിളികളോടെ കാത്തിരുന്നു. വേദിയിലും സദസ്സിലുമായി തൊടുപുഴ, ഇടുക്കി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിരുന്നു. വേടന്റെ പരിപാടി ഉണ്ടെന്നറിഞ്ഞ് തിങ്കളാഴ്ച വൈകിട്ടോടെ എന്റെ കേരളം പ്രദർശന വിപണനമേളയിലേക്ക് കൂടുതൽ പേർ ഒഴുകിയെത്തിത്തുടങ്ങി. തിരക്ക് മുന്നിൽ കണ്ട് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ രാവിലെ തന്നെ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വേദിക്ക് മുന്നിലും പിന്നിലും വശങ്ങളിലുമായി കാണികൾക്ക് പരിപാടി കാണാനുള്ള സൗകര്യം ഒരുക്കി. ആറ് മണിയോടെ സദസ് നിറഞ്ഞു കവിഞ്ഞു. ഇതോടെ പിന്നീടെത്തിയ കാണികൾക്കായി പുറത്ത് എൽഇഡി സ്ക്രീനുകളും പരിപാടി ലൈവായി കാണാൻ ഒരുക്കിയിരുന്നു. എല്ലാവരും വേടനായാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.എൻ.ബാലഗോപാലും പ്രസംഗം 10 മിനിറ്റിൽ ഒതുക്കി.
റാപ് ഷോയ്ക്ക് ഒരുക്കിയത് കർശന സുരക്ഷ
ചെറുതോണി∙ ഇടുക്കിയിൽ ഇന്നലെ നടന്ന വേടന്റെ സംഗീത പരിപാടിക്ക് പൊലീസ് ഒരുക്കിയത് കനത്ത സുരക്ഷ. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ വിന്യാസം. സംഘത്തിൽ 10 സിഐമാരും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ജില്ലാ സായുധ പൊലീസ് സേനയിൽ നിന്നുമുള്ള ഇരുന്നൂറ്റൻപതോളം പൊലീസുകാർ എസ്ഐമാരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷാ ചുമതല വഹിച്ചു. പതിനായിരത്തോളം പേർ പരിപാടി കാണാൻ എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ.പരിപാടി നടക്കുന്ന വാഴത്തോപ്പ് വഞ്ചിക്കവലയിലേക്ക് വാഹനങ്ങളുടെ തിരക്ക് ഏറിയതോടെ വൈകിട്ട് 4 മുതൽ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ ചെറുതോണിയിൽ വാഹനങ്ങൾ നിയന്ത്രിച്ചു. അതേ സമയം ജനത്തിരക്ക് ഏറുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് റാപ് ഷോ കാണാനുള്ള സൗകര്യം അധികൃതർ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി പ്രധാന വേദിക്കു ചുറ്റുമുള്ള സ്റ്റാളുകൾ പൊളിച്ചു മാറ്റിയിരുന്നു. കൂടുതൽ പേർക്ക് വേദിക്കു ചുറ്റും നിന്നു കാണുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി.
‘തെറ്റ് തിരുത്താൻ തയാറായത് മാതൃക’
സർക്കാരും പൊതുജനങ്ങളും വേടനൊപ്പമുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിലെ പരിപാടിയോടെ വേടനു പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണരല്ല. വേടൻ തെറ്റ് തിരുത്താൻ തയാറായത് മാതൃകയാണെന്നും വേടനെ പൊതുസമൂഹം ഏറ്റെടുക്കുമെന്നും സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വേടന്റെ പരിപാടിക്ക് മുൻപ് മന്ത്രി പറഞ്ഞു.