
ഇന്ത്യയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ അടച്ചുപൂട്ടിയത് 28,000 ഓളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ. 2023ൽ 15,921 എണ്ണവും 2024ൽ 12,717 എണ്ണവുമാണ് പൂട്ടിപ്പോയത്. 2019, 2020 വർഷങ്ങളിൽ അടച്ചുപൂട്ടിയവയുമായി (2,300 എണ്ണം) താരതമ്യം ചെയ്താൽ കഴിഞ്ഞ രണ്ടുവർഷത്തെ വർധന 12 മടങ്ങ്.
പൂട്ടിയ സ്റ്റാർട്ടപ്പുകളിൽ മിക്കവയും പാപ്പരായവയാണ് (bankruptcy). മറ്റു ചിലതു വർഷങ്ങളായി നിർജീവവും. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെന്ന പെരുമയിൽ നിൽക്കേയാണ് ഇന്ത്യയിൽ ഇത്രയധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചതെന്ന് വിപണിനിരീക്ഷകരായ ട്രാക്ഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബിസിനസ് ആശയത്തിലുണ്ടായ പാളിച്ചയാണ് സ്റ്റാർട്ടപ്പുകൾക്ക് വിനയായതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സംരംഭകർ മുന്നോട്ടുവച്ച ആശയത്തിന്റെ വ്യത്യസ്തത മാത്രം വിലയിരുത്തിയായിരുന്നു മിക്ക നിക്ഷേപകരും അവയിൽ പണമൊഴുക്കിയത്. എന്നാൽ, ആശയം വിജയിക്കുമോ എന്ന് വിലയിരുത്താതിരുന്നത് സ്റ്റാർട്ടപ്പുകളെ പരാജയത്തിലേക്ക് നയിച്ചു. മറ്റു സ്റ്റാർട്ടപ്പുകൾ ഉൽപന്ന/സേവന ആശയം പ്രാവർത്തികമാക്കുംമുമ്പേ വലിയ മൂല്യത്തിൽ നിക്ഷേപം സ്വീകരിച്ചു. വിപണിയിൽ വേണ്ടത്ര സ്വീകാര്യത കിട്ടാതിരുന്നതോടെ അവയും പൂട്ടിപ്പോകേണ്ട സ്ഥിതിയിലായി.
പുതുതായി ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും ഇടിവുണ്ട്. 2019നും 2022നും ഇടയിൽ വർഷം ശരാശരി 9,600 പുതിയ സംരംഭങ്ങൾ ആരംഭിച്ചിരുന്നു. 2024ൽ ആരംഭിച്ചത് 5,264 എണ്ണം മാത്രം.
അടച്ചുപൂട്ടൽ ഈ മേഖലകളിൽ
അഗ്രിടെക്, ഫിൻടെക്, എഡ്യുടെക്, ഹെൽത്ത്ടെക് വിഭാഗത്തിലെ സംരംഭങ്ങളാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏറ്റവുമധികം അടച്ചുപൂട്ടിയത്. ബിസിനസ് ആശയം പ്രാവർത്തികമാക്കാവുന്നതാണെന്ന് തിരിച്ചറിയുംമുമ്പേ വൻതോതിൽ നിക്ഷേപം നേടുകയും എന്നാൽ, പ്രവർത്തനച്ചെലവ് അനിയന്ത്രിതമാവുകയും ചെയ്തത് പല സ്റ്റാർട്ടപ്പുകളെയും പരാജയത്തിലാക്കുകയായിരുന്നു. ദീർഘകാല കാഴ്ചപ്പാടില്ലാത്തതും തിരിച്ചടിയായി.
2025ൽ ഇതിനകം 259 സ്റ്റാർട്ടപ്പുകൾക്ക് പൂട്ടുവീണിട്ടുണ്ട്. എണ്ണം വർഷാന്ത്യത്തോടെ കുതിച്ചുയർന്നേക്കാമെന്നാണ് നിരീക്ഷക വാദങ്ങൾ. ആഗോള സമ്പദ്രംഗത്തെ അനിശ്ചിതത്വം ഒട്ടുമിക്ക നിക്ഷേപകരെയും പുതു നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അകറ്റുന്നുണ്ട്. നിക്ഷേപമാർഗങ്ങൾ അടയുന്നതും സ്റ്റാർട്ടപ്പുകളെ അകാലത്തിൽ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്നു. സ്റ്റാർട്ടപ്പുകളെ മറ്റ് സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതും (startup acquisitions) കുത്തനെ കുറഞ്ഞിട്ടുണ്ട്. ട്രാക്ഷന്റെ കണക്കുപ്രകാരം 2021ൽ 248 ഏറ്റെടുക്കലുകൾ നടന്നിരുന്നു. കഴിഞ്ഞവർഷം ഇതു 131 എണ്ണം മാത്രം.
എഐ സ്റ്റാർട്ടപ്പുകളിലെ പണമൊഴുക്ക്
ഇന്ത്യയിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത സ്റ്റാർട്ടപ്പുകളിലേക്ക് 2024ൽ എത്തിയത് 30 നിക്ഷേപ റൗണ്ടുകളിലായി 171.4 മില്യൻ ഡോളറാണെന്ന് ട്രാക്ഷൻ വ്യക്തമാക്കുന്നു. 2025 ജനുവരി-മാർച്ചിൽ രണ്ടു റൗണ്ടുകളിലായി മാത്രം 12.5 മില്യനും നേടി. അതേസമയം, ഈ രംഗത്തെ ചൈനീസ്, യുഎസ് സ്റ്റാർട്ടപ്പുകളുടെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഏറെ പിന്നിലാണ്. യുഎസ് സ്റ്റാർട്ടപ്പുകൾ 34 ബില്യനും ചൈനീസ് കമ്പനികൾ 3.3 ബില്യനും നേടിയപ്പോഴാണ് ഇന്ത്യൻ കമ്പനികളിലേക്കുള്ള നിക്ഷേപം 171.4 മില്യനിൽ ഒതുങ്ങിയത്. 2025ൽ ഇതിനകം ചൈനീസ് സ്റ്റാർട്ടപ്പുകൾ 220 മില്യനും യുഎസ് കമ്പനികൾ 6.2 ബില്യനും നേടിയിട്ടുണ്ട്.