
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം: ആയിരങ്ങൾ അണിചേർന്ന് എൽഡിഎഫ് റാലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. സർക്കാരിനു പിന്തുണയർപ്പിച്ചെത്തിയ പ്രവർത്തകർ ആവേശപൂർവം അണിനിരന്നപ്പോൾ നഗരം വൻജനാവലിക്കാണു സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും കേൾക്കാനും മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുൾപ്പെടെയുള്ളവർ എത്തിച്ചേർന്നു. കേന്ദ്ര അവഗണനയ്ക്കിടയിലും ജനങ്ങളുടെ പിന്തുണയോടെ സർക്കാർ മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്തും പ്രകൃതിദുരന്തങ്ങളുണ്ടാക്കിയ പ്രതിസന്ധിക്കിടയിലും കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. സ്കൂളുകളും ആശുപത്രികളും റോഡുകളും ഹൈടെക് ആയതു വലിയ മാറ്റമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സാമൂഹിക സൂചികകളിലും കേരളം മുന്നോട്ടുപോയി. കൃഷി–ഗോത്രവർഗ മേഖലയിലും വൻ കുതിച്ചുചാട്ടമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്റെ അവഗണന രാഷ്ട്രീയപ്രേരിതമാണ്.
സർക്കാരിനോടുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസം ജനങ്ങളോടുള്ള വിവേചനമായി മാറുന്നുവെന്നതു പ്രതിഷേധാർഹമാണ്. 20 വീട് വാഗ്ദാനംചെയ്ത് 100 വീടിനുള്ള പണം നൽകിയ ഡിവൈഎഫ്ഐയെ അദ്ദേഹം അഭിനന്ദിച്ചു. കർണാടക സർക്കാർ 100 വീടിനുള്ള പണം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. രാഹുൽഗാന്ധിയും 100 വീട് വാഗ്ദാനം ചെയ്തു. ഇവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചായിരുന്നു യോഗത്തിന്റെ തുടക്കം. മുഖ്യമന്ത്രി വേദിയിലെത്തുമ്പോൾ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ മുഖ്യമന്ത്രിയെ വരവേറ്റു.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷനായി.
മന്ത്രിമാരായ ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, കെ.കെ. ഹംസ, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, കുര്യാക്കോസ് മുള്ളൻമട, എ.പി. അഹമ്മദ്, സണ്ണിമാത്യു, രജിത്, സി.എം. ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.