ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഏഴ് സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ചു. ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നുള്ള രാജി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. നരേഷ് കുമാര്‍, രോഹിത് കുമാര്‍, രാജേഷ് ഋഷി, മദന്‍ ലാല്‍, പവന് ശര്‍മ, ഭാവ്ന ഗൗഡ്, ഭൂപീന്ദര്‍ സിങ് ജൂണ്‍ എന്നീ എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനോടുള്ള പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വവുമായി രാജിവെച്ച എംഎല്‍എമാര്‍ക്ക് കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എംഎല്‍എമാര്‍ ഉന്നയിച്ചിരിക്കുന്നത്. കേജ്രിവാളിന്റെ വിശ്വാസ്യത ഇല്ലാതായിരിക്കുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഭൂപീന്ദര്‍ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ആറുപേരും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക എഎപി പുറത്തിറക്കിയത്. ഇപ്പോള്‍ രാജിവെച്ചവരുടെ സീറ്റില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയതോടെയാണ് എംഎല്‍എമാര്‍ പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്. 70 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]