ദുബായ്: കേരളത്തിലെ റബ്ബർ വ്യവസായത്തിലേക്ക് പ്രവാസികളുടെ നിക്ഷേപം തേടി കേരള റബ്ബർ ലിമിറ്റഡ് അധികൃതർ ദുബായിൽ. കോട്ടയത്തെ വെല്ലൂരിൽ വ്യവസായം ആരംഭിക്കാൻ റബ്ബർ ലിമിറ്റഡ് സൗകര്യമൊരുക്കും. ആദ്യമായാണ് കേരളത്തിന് പുറത്തുനിന്ന് റബ്ബർ മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കാൻ റബ്ബർ ലിമിറ്റഡ് ശ്രമം നടത്തുന്നത്. റബ്ബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് പ്രവാസികളുടെ നിന്ന് നിക്ഷേപം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ 70 ശതമാനവും കേരളത്തിൽ നിന്നാണ്. ഉപഭോക്താക്കൾ മുഴുവനും മറ്റു സംസ്ഥാനക്കാർ. എന്നാൽ കേരളത്തിൽ തന്നെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് റബ്ബർ കർഷകർക്ക് നൽകുന്ന സാദ്ധ്യത വളരെ വലുതാണെന്നാണ് നിഗമനം. വൈക്കത്ത് 350 ഏക്കർ സ്ഥലം റബ്ബർ കൺസോർഷ്യത്തിനായി ഒരുക്കാനുള്ള ശ്രമത്തിലാണ് കേരള റബ്ബർ ലിമിറ്റഡ്. ടയർ നിർമ്മാണം അടക്കമുള്ളവയാണ് ലക്ഷ്യമിടുന്നത്. പദ്ധതി ലക്ഷ്യം കാണുകയാണെങ്കിൽ 3000 പേർക്ക് നേരിട്ടും 8000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും.
അതേസമയം, അന്താരാഷ്ട്ര റബ്ബർ വില ഉയരുമ്പോഴും ആഭ്യന്തര വില കീഴോട്ടു തന്നെ. കിലോയ്ക്ക് 27 രൂപയുടെ കയറ്റം വിദേശ വിപണിയിൽ ഉണ്ടായിട്ടും വില പിടിച്ചു നിറുത്താനുള്ള ടയർലോബിയുടെ ഇടപെടലിൽ വ്യാപാരി വില 183ൽ തന്നെ നിൽക്കുകയാണ്. വ്യവസായികളുടെ താത്പര്യത്തിനൊത്ത് ഉയർത്താത്ത റബ്ബർ ബോർഡ് വില 191ഉം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വിദേശവില ഉയരാൻ കാരണം. വേനൽ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ആഭ്യന്തര വിലയും ഉയരേണ്ടതാണ്. വൻകിട വ്യവസായികളുടെ വിപണി ഇടപെടലാണ് വില ഉയരാതിരിക്കാൻ കാരണം. വിദേശവില ഉയർന്നതിനൊപ്പം വില കുറഞ്ഞ കോമ്പൗണ്ട് റബ്ബർ ഇറക്കുമതി ചെയ്ത് വില ഇടിക്കാനുള്ള കളികളും ടയർ ലോബി തുടങ്ങി. അഞ്ചു ശതമാനം ഇറക്കുമതി നികുതിയേ കോമ്പൗണ്ട് റബ്ബറിന് ഉള്ളൂ. ഇവിടെ വില ഉയരാതിരിക്കാൻ ഈ തന്ത്രമാണ് വ്യവസായികൾ പയറ്റുന്നത്.