മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെതിരെ യഥേഷ്ടം തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സെയ്ഫ് അലി ഖാന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ ഷെരീഫുളിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുകയാണ് അന്വേഷണസംഘം. താരത്തിന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷെരീഫുൾ തന്നെയാണെന്ന് ഉറപ്പിക്കാൻ ഫെയ്സ് റെക്കഗ്നീഷ്യൻ ടെസ്റ്റ് നടത്തുകയാണ് പോലീസ്. സെയ്ഫിന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നു വരികയാണെന്നറിയിച്ച പോലീസ് മറിച്ചുള്ള റിപ്പോർട്ടുകളെ പാടേ തള്ളിക്കളഞ്ഞു.
“വിരലടയാളങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാൻ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട യാതൊരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നയാൾക്കെതിരെ ധാരാളം തെളിവുകൾ പോലീസ് ശേഖരിച്ചുകഴിഞ്ഞു.“ എ.സി.പി പരംജിത് സിംഗ് ദഹിയ പറഞ്ഞു.
ഷെരീഫുൾ ഇസ്ലാം ബംഗ്ലാദേശിൽനിന്നാണ് ഇന്ത്യയിലെത്തിയതെന്നും കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ ഇയാൾ ദിവസങ്ങളോളം താമസിച്ചിരുന്നെന്നും മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തേയും ഇന്ത്യൻ ഹൈക്കമ്മീഷനേയും സമീപിക്കുമെന്ന് ഷെരീഫുളിന്റെ പിതാവ് പറഞ്ഞിരുന്നു. ഷെരീഫുളിനെ മറ്റെന്തോ കാരണത്താൽ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]