സംവിധായകൻ എന്താണോ ഒരു നടനിൽ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൃത്യമായി തരുന്ന അഭിനേതാവാണ് മോഹൻലാലെന്ന് സംവിധായകൻ കമൽ. അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് തനിക്ക് ഇക്കാര്യം മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ നായികയായി ആദ്യം കൗസല്യയെയല്ല കാസ്റ്റ് ചെയ്തിരുന്നതെന്നും കമൽ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ നായികയായി ആദ്യം സൗന്ദര്യയെയാണ് കാസ്റ്റ് ചെയ്തിരുന്നത്. ആ സമയത്താണ് അവർ മരിച്ചത്. പിന്നെയാണ് നായികയെ മാറ്റിയത്. ഏത് നായികയാണ് കഥാപാത്രത്തിന് ചേരുന്നതെന്ന് നടി സരിതയോടാണ് ഞാൻ അന്വേഷിച്ചത്. അങ്ങനെ അവർ തെലുങ്കിലെ വലിയ നായികയായ മന്ത്രയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെ ഞാൻ മന്ത്രയെ വിളിച്ചു. എന്റെ ചിത്രമായതുകൊണ്ട് മന്ത്റ അഭിനയിക്കാമെന്ന് വാക്ക് നൽകി. പക്ഷെ മോഹൻലാലിന്റെയും മന്ത്രയുടെയും ഡേറ്റുകൾ തമ്മിൽ ചേർന്നില്ല. അങ്ങനെ അത് ഒഴിവായി പോയി. അങ്ങനെയാണ് ഒടുവിൽ കൗസല്യ നായികയായത്.
സിനിമയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് മുതൽ മോഹൻലാലിന്റെ പ്രകടനം അസാദ്ധ്യമായിരുന്നു. ആ സിനിമയിൽ മോഹൻലാൽ അഴിഞ്ഞാടിയാണ് അഭിനയിച്ചത്. അത്രയും മികവുറ്റതായിരുന്നു. അന്ന് ലൊക്കേഷനുകളിൽ മോണിറ്ററുകൾ ഇല്ലായിരുന്നു. അതുകൊണ്ട് താരങ്ങളെകൊണ്ട് വീണ്ടും അഭിനയിപ്പിക്കാൻ കഴിയില്ലായിരുന്നു. അദ്ദേഹത്തിന് സ്ക്രീനിൽ എന്തുവരണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ട്.
ഇന്ന് ഒട്ടുമിക്ക താരങ്ങൾക്ക് കാരവാനുണ്ട്. എന്നാൽ പണ്ട് ഇതൊരു വലിയ പ്രശ്നമായിരുന്നു. പല താരങ്ങളും മരത്തിലൊക്കൊ തുണി കെട്ടി വസത്രം മാറ്റിയ സാഹചര്യമുണ്ടായിരുന്നു. എന്റെ സിനിമകളിലും അത്തരത്തിലുളള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മഴയെത്തും മുൻപേ എന്ന സിനിമ ധോണിയിലാണ് ഷൂട്ട് ചെയ്തത്. അവിടെ വലിയ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ശോഭനയോടൊപ്പം ആയയും ഡാൻസ് മാസ്റ്ററും ഉണ്ടായിരുന്നു. അന്ന് വസ്ത്രം മാറാൻ വേറെ നിവർത്തിയില്ലാത്തതുകൊണ്ട് ശോഭന ബെഡ്ഷീറ്റ് വച്ച് മറച്ച സ്ഥലത്താണ് വസ്ത്രം മാറിയത്’- കമൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]