മുംബയ്: നാഗ്പൂരിനടുത്തുളള ഓർഡനൻസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയാണ് സ്ഥിരീകരിച്ചത്. ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചത് പ്രാഥമിക വിവരം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഫാക്ടറിയിലെ എൽടിപി വിഭാഗത്തിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സ്ഫോടനം സംഭവിച്ചതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു. അപകടസ്ഥലത്ത് അഗ്നിശമനാസേനയും മെഡിക്കൽ സംഘവും നിലയുറപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ കൂട്ടിച്ചേർത്തു. സ്ഫോടനത്തിനിടയിൽ എൽടിപിയുടെ മേൽക്കൂര തകരുകയും പത്തോളം തൊഴിലാളികൾ കുടുങ്ങി പോകുകയുമായിരുന്നു. അതിൽ മൂന്ന് പേരെ ജീവനോടെ രക്ഷിക്കുകയും ഒരാൾ സംഭവ സ്ഥലത്തുവച്ചുത്തന്നെ മരണപ്പെടുകയുമായിരുന്നു. എസ്കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റുന്നത് പുരോഗമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
അഞ്ച് കിലോമീറ്ററോളമായിരുന്നു സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. ഫാക്ടറിയിൽ നിന്ന് അതിരൂക്ഷമായി പുക വരുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രതികരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]