വീടിനകത്ത് അതിക്രമിച്ചുകയറിയ മോഷ്ടാവിൽനിന്നും കുത്തുകളേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. സെയ്ഫ് തിരിച്ചെത്തി മണിക്കൂറുകൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരി സാബാ അലി ഖാൻ പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റ് ശ്രദ്ധയാകർഷിക്കുകയാണ്. സെയ്ഫിനേയും കുടുംബത്തേയും സുരക്ഷിതമാക്കിയതിന് താരത്തിന്റെ വീട്ടിലെ രണ്ട് വനിതാ സഹായികളെ അഭിനന്ദിച്ചുകൊണ്ടാണ് സാബ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെയ്ഫ് അലിഖാന്റെ ഇളയമകൻ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പ്, മറ്റൊരു സഹായി എന്നിവരേക്കുറിച്ചാണ് സാബയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്. ആരും പാടിപ്പുകഴ്ത്താത്ത നായകർ എന്നാണ് ഇവരെ സാബ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടുപേർക്കും ഒപ്പമുള്ള സെൽഫികളും അവർ പങ്കുവെച്ചിട്ടുണ്ട്. “ഏറ്റവും പ്രധാനപ്പെട്ട സമയത്ത് കഠിനാധ്വാനം ചെയ്ത, പാടിപ്പുകഴ്ത്തപ്പെടാത്ത നായകന്മാർ! നിങ്ങൾ രണ്ടുപേരെയും, എന്റെ സഹോദരനെയും കുടുംബത്തെയും സുരക്ഷിതമായി നിലനിർത്തുന്നതിൽ സംഭാവന നൽകിയ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങളാണ് ഏറ്റവും മികച്ചത്.” സാബ കുറിച്ചു.
മോഷ്ടാവിനെ ആദ്യം തിരിച്ചറിഞ്ഞത് ഏലിയാമ്മയായിരുന്നു. ഇക്കാര്യം അവർ പോലീസിനെ അറിയിച്ചിരുന്നു. ഏതുവിധേനയോ ആണ് സെയ്ഫ് അലി ഖാൻ മോഷ്ടാവിൽനിന്ന് രക്ഷപ്പെട്ടത്. എല്ലാവരും മുറിയിൽനിന്ന് പുറത്തേക്കോടുകയും വാതിലടയ്ക്കുകയും ചെയ്തു. തുടർന്ന് എല്ലാവരും വീടിന്റെ മുകൾനിലയിലേക്ക് പോയി. ഇതിനിടെ കവർച്ചക്കാരൻ രക്ഷപ്പെട്ടുവെന്നും അവർ പോലീസിനുനൽകിയ മൊഴിയിൽ പറഞ്ഞു.
അതേസമയം ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയ സെയ്ഫ് അലി ഖാന് ലഭിച്ചത് ഊഷ്മളമായ വരവേല്പായിരുന്നു. മുംബൈ ബാന്ദ്രാ വെസ്റ്റ് ഏരിയയിലെ വസതി ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സെയ്ഫ് അലിഖാന്. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന് എന്നിവര്‍ ആശുപത്രയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വീണ്ടും മണിക്കൂറുകള്‍ എടുത്തു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]