കൊച്ചി: മദ്യനിർമ്മാണ ശാലയ്ക്കുള്ള അനുമതി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിഞ്ഞുള്ള അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് ഗുരുതര ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും രണ്ടു വർഷം മുൻപെ സർക്കാരും കമ്പനിയും ഗൂഢാലോചന തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കോളജ് നിർമ്മിക്കാൻ വാങ്ങിയ സ്ഥലത്താണ് മദ്യനിർമ്മാണ പ്ലാന്റ് തുടങ്ങുന്നത്. എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതി. ആരോപണം ഉന്നയിക്കുമ്പോൾ കോൺഗ്രസിൽ തർക്കമെന്ന മറുപടി നൽകുന്ന എക്സൈസ് മന്ത്രിക്കാണ് വിഷയ ദാരിദ്ര്യം. മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കിൽ താനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
‘പാലക്കാട് ആരംഭിക്കുന്ന മദ്യ നിർമ്മാണ പ്ലാന്റിനെ കുറിച്ച് ഗുരുതരമായ രണ്ട് ആരോപണങ്ങളാണ് ഇന്നലെ ഉന്നയിച്ചത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. ഇതുകൂടാതെ ഇതേ കമ്പനി പഞ്ചാബിൽ ആരംഭിച്ച മദ്യ നിർമ്മാണ പ്ലാന്റ് നാലു കിലോമീറ്റർ ചുറ്റളവിലാണ് ഭൂഗർഭജലം മലിനമാക്കിയത്. ബോർവെല്ലിലൂകളിലൂടെയാണ് ഈ കമ്പനി മാലിന്യം ഭൂഗർഭജലത്തിലേക്ക് കലർത്തിയത്. ശക്തമായ സമരത്തെ തുടർന്ന് പഞ്ചാബിൽ കമ്പനിയെ പൂട്ടിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിക്കെതിരെ അഴിമതിയും ജലമലിനീകരണവുമാണ് ഉന്നയിച്ചത്. എന്നിട്ടും എക്സൈസ് മന്ത്രി മറുപടി നൽകിയില്ല.
പ്രതിപക്ഷ നേതാവെന്ന നിലയിലാണ് മന്ത്രിയോട് രണ്ട് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടി പറയാതെ കോൺഗ്രസിൽ ഞാനും രമേശ് ചെന്നിത്തലയും തമ്മിൽ തർക്കമെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല. അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ബ്രൂവറിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് രമേശ് ചെന്നിത്തല. അന്ന് ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ചാണ് നിലപാടെടുത്തത്. മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കിൽ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താം.
ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ സാധിക്കാതെ വരുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് വിഷയദാരിദ്ര്യമെന്നും രമേശ് ചെന്നിത്തല, കോൺഗ്രസിലെ തർക്കം എന്നൊക്കെ മന്ത്രി പറയുന്നത്. അതൊക്കെ മാറ്റി വച്ച് ചോദിച്ചതിന് മറുപടി പറയുകയാണ് വേണ്ടത്. എന്തു കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നിട്ടാണ് നിങ്ങൾ മദ്യനയത്തിന്റെ പോയിന്റ് 24 നോക്കൂവെന്ന് മന്ത്രി പറയുന്നത്.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാൻ അനുമതി നൽകുമെന്നാണ് പോയിന്റ് 24ൽ പറയുന്നത്. ഇവിടെ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാനുള്ള അനുമതി മാത്രമാണോ നൽകിയിരിക്കുന്നത്? എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവയ്ക്കൊക്കെ അനുമതി നൽകിയിരിക്കുകയാണ്. പോയിന്റെ 24 പറഞ്ഞിരിക്കുന്നതിനല്ല അനുമതി നൽകിയത്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ടെൻഡർ, കൊടുത്താൽ പോരെ എന്നതാണ് മന്ത്രിയുടെ മറ്റൊരു ചോദ്യം. എല്ലാവർക്കും അനുമതി നൽകുമെങ്കിൽ അത് ശരിയാണ്. മദ്യനയം മാറ്റി, ഇത്തരത്തിൽ അനുമതി നൽകുന്നുണ്ടെന്ന കാര്യം സമാനമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനി അറിഞ്ഞിട്ടുണ്ടോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ്. ഒരു സുതാര്യതയുമില്ല. അതുകൊണ്ടാണ് ഇത് അഴിമതിയാണെന്നു പറയുന്നത്. എലപ്പുള്ളി പഞ്ചായത്തിൽ ഈ മദ്യനിർമ്മാണ കമ്പനി 26 ഏക്കർ സ്ഥലം മതിൽകെട്ടി എടുത്തിട്ടുണ്ട്. പഞ്ചായത്തിനോടും നാട്ടുകാരോടും പറഞ്ഞത് കോളജ് തുടങ്ങാനെന്നാണ്. മദ്യ നിർമ്മാണ യൂണിറ്റാണ് ഈ സർക്കാരിന്റെ കോളജ്. രണ്ടു വർഷം മുൻപ് എക്സൈസ് മന്ത്രിയും സർക്കാരും ഈ കമ്പനിയുമായി ഗൂഡാലോചന ആരംഭിച്ചതാണ്.
ചോദ്യങ്ങൾക്കാണ് മന്ത്രി ആദ്യം മറുപടി പറയേണ്ടത്. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായതിന് പുറമെ പഞ്ചാബിൽ ഭൂഗർഭ ജലവും ഉപരിതല ജലവും മലിനപ്പെടുത്തിയ കമ്പനിയെ എന്തിനാണ് തെരഞ്ഞെടുത്തത്? ജലമലിനീകരണത്തിന് കൊക്കക്കോള പ്ലാന്റ് അടച്ചുപൂട്ടിയ ജില്ലയിൽ തന്നെ ദശലക്ഷക്കണക്കിന് ലിറ്റർ ആവശ്യമുള്ള ഈ പ്ലാന്റ് എന്തിന് അനുവദിച്ചു? മദ്യ നയത്തിലെ 24 നോക്കൂ എന്ന് മന്ത്രി പറഞ്ഞു. ഞങ്ങൾ നോക്കി. ഈ കമ്പനിക്ക് നൽകിയതും 24ൽ പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. എന്തുകൊണ്ടാണ് രഹസ്യമായി ഈ കമ്പനിയുമായി മാത്രം ചർച്ച നടത്തി അവർക്കു തന്നെ കൊടുത്തത്? ഇഷ്ടക്കാർക്ക് പട്ടുംവളയും നൽകാൻ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. നടപടിക്രമങ്ങളുള്ള നാടാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. വിഷയ ദാരിദ്രമെന്നും കോൺഗ്രസിലെ തർക്കമെന്നും പറഞ്ഞാൽ മറുപടിയാകില്ല. ചോദിച്ചതിന് മറുപടി പറയാതെ പിന്തിരിഞ്ഞ് ഓടരുത്. കൊടിയ അഴിമതിയാണ് നടന്നത്. കൊടിയ അഴിമതിക്കാണ് മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുന്നത്. ഈ ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരും. കമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. മന്ത്രി പുകഴ്ത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്നു മനസിലായത്. സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടും. എലപ്പുള്ളിയിലും പാലക്കാടും സംസ്ഥാന വ്യാപകമായും സമരം നടക്കും.’- പ്രതിപക്ഷ നേതാവ് പറഞ്ഞു.