മുംബൈ: വീട്ടില്‍ കടന്നുകയറിയ അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിലായ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യനില ഭേദപ്പെട്ടുവരികയാണ്. കഴുത്തിനടക്കം ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമി ഉപയോഗിച്ച കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള കഷ്ണം സെയ്ഫിന്റെ നട്ടെല്ലിനിടയില്‍ നിന്ന് നീക്കം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇത് സാധ്യമായത്.
സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിന്‍ നാരായണന് ഡാങ്കേ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശരീരം തളര്ന്നുപോവുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റശേഷം ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹം ചോരയില്‍ കുളിച്ചിരുന്നുവെന്നും പക്ഷേ ഒരു സിംഹത്തെ പോലെയാണ് അദ്ദേഹം മകന് തൈമൂറിനൊപ്പം ആശുപത്രിയിലേക്ക് നടന്നുവന്നതെന്നും ലീലാവതി ആശുപത്രിയി മേധാവി നീരജ് ഉത്താമണി പറഞ്ഞു. സ്ട്രെക്ച്ചര്‍ പോലും ഉപയോഗിച്ചിരുന്നില്ലെന്നും യഥാര്‍ത്ഥ ഹീറോയാണ് അദ്ദേഹമെന്നും ഉത്താമണി പറഞ്ഞു. അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്നും കത്തി ഒരു രണ്ട് മില്ലീമീറ്റര്‍ ആഴ്ന്നിരുന്നുവെങ്കില് ഗുരുതരമായ പരിക്കേല്‍ക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.
കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
വീട്ടിലെ ഫയര്‍ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]