ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജോണിക്കുട്ടിയുടെ തിരുമുറിവ്
നീല നിറത്തിലുള്ള ആ രണ്ടുനില വീട് മഴയത്തു നിന്ന് വിറങ്ങലിച്ചു. മുറ്റത്തുള്ള പുളിമരം കാറ്റത്തിലകള് കൊഴിച്ച് എപ്പോള്‍ വേണമെങ്കിലും നിലംപതിക്കുമെന്നോണം നിന്നു. വീട്ടിലെ ബഹളം കാരണം പല്ലികള്‍ സമാധാനമില്ലാതെ ട്യൂബ് ലൈറ്റിന് ചുറ്റും ലക്ഷ്യമില്ലാതെയോടി. ഈയലുകള്‍ പലതും മഴയത്തു ചിറകൊട്ടിപ്പിടിച്ചു നിലത്തു വീണുപിടഞ്ഞു. ആകാശത്തു വെട്ടുന്ന ഇടിവാള്‍ ഒരെണ്ണം തന്റെ തലയില്‍ പതിച്ചിരുന്നെങ്കിലെന്നു ജോണിക്കുട്ടി പൂര്‍ണ്ണമനസ്സോടു കൂടി ആഗ്രഹിച്ചു. സഹകരണ ബാങ്കില്‍ നിന്നും ലോണെടുത്തു ജിം തുടങ്ങുവാണെന്ന് അവന് പറഞ്ഞപ്പോള്‍ തുടങ്ങിയ ബഹളമാണ്.
യോഹന്നാന്റെ അപ്പൂപ്പന്റെ ചേട്ടന് ജോസഫ് ക്ലിയോ മെത്രാപ്പോലീത്താ തല തൊട്ടു അനുഗ്രഹിച്ച കുടുംബത്തിലെ പിള്ളേരെല്ലാം പഠിച്ചു നല്ല നിലയിലായി. ആ പാരമ്പര്യമുള്ള ജോണിക്കുട്ടിക്കു പറയാന്‍ പാടുള്ളതാണോ അവന് പറഞ്ഞത്? ജിം തുടങ്ങണം പോലും ജിം!
യോഹന്നാന് ജോണിക്കുട്ടിയെ അത്യാവശ്യം തല്ലിയാണ് വളര്‍ത്തിയിരുന്നതെങ്കിലും കൈലി മടക്കിക്കുത്തി മുട്ടുകാല് മടക്കി അവനെ തൊഴിച്ചതു ആദ്യമായാണ്. ഈ ആണും, പെണ്ണും ഇങ്ങനെ ജിമ്മില്‍ കിടന്നു അറവുകാളകളെപ്പോലെയാകേണ്ട ആവശ്യകത ജോണിക്കുട്ടിയുടെ അമ്മ ലീലാമ്മയ്ക്കും അപ്പന് യോഹന്നാനുമങ്ങോട്ട് മനസ്സിലായില്ല. ജിമ്മില്‍ പോയി കലോറി ഉരുക്കിക്കളയാനാണെന്നും പറഞ്ഞു കുറേയെണ്ണം അവിടെപ്പോയി തലയും കുത്തി നില്ക്കും. തിരിച്ചു വീട്ടില്‍ വന്നു അതിനേക്കാള്‍ കലോറി വലിച്ചു തിന്നും. പാലായിലെ കോച്ചിങ് സെന്ററില്‍ രണ്ടു കൊല്ലം വിട്ടിട്ടും ജോണിക്കുട്ടിക്ക് എന്‍ട്രന്‍സിന് നല്ല മാര്‍ക്ക് മേടിക്കാഞ്ഞപ്പോഴേ യോഹന്നാന് അവനെ വീട്ടില്‍ നിന്ന് ഇറക്കി വിടണം എന്ന് ആലോചിച്ചതാണ്. വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന ചൊല്ലാന്‍ പറഞ്ഞാല്‍ അവനു താത്പര്യവുമില്ല. കൊന്ത ചൊല്ലിയുണ്ടായ ജോണിക്കുട്ടി ഇങ്ങനെ തലതിരിഞ്ഞു പോയല്ലോ എന്നാലോചിച്ചു ലീലാമ്മയ്ക്കു അടിവയറ്റില്‍ നിന്നും ഒരാളലങ്ങോട്ട് കയറി. പണ്ടൊക്കെ ആയിരുന്നേല്‍ ചെറക്കന് കൊച്ചുണ്ടായാല്‍ കുടംബത്തിനു ഒരു രക്ഷ ആയന്നല്ലേ നമ്മള് വിചാരിക്കണേ. പക്ഷെ ജോണിക്കുട്ടി ജനിച്ച് നേഴ്സ് ആദ്യമായി ലീലാമ്മയ്ക്കു കൊച്ചിന്റെ മുഖം കാണിച്ചപ്പോഴേ അവന്റെ വക്രിച്ച ആ മുഖം അവര്‍ക്കത്ര പിടിച്ചില്ല. പിന്നെ സ്വന്തം കൊച്ചിനെ താന്‍ തന്നെ കുറ്റം പറയരുതല്ലോ എന്നാലോചിച്ചു ലീലാമ്മ പറയാന്‍ വന്നത് ചവച്ചിറക്കി.
ജോണിക്കുട്ടി പഠിപ്പില്‍ വലിയ സാമര്‍ത്ഥ്യമൊന്നും കാണിക്കാതെ തട്ടി മുട്ടി ഓരോ ക്ലാസും ജയിച്ചു. സ്കൂള്‍ അദ്ധ്യാപികയായ ലീലാമ്മയുടെ കൂട്ടുകാരുടെ മക്കള്‍ കൊട്ടക്കണക്കിനു മാര്‍ക്ക് മേടിച്ചു കൂട്ടിയപ്പോള്‍ ജോണിക്കുട്ടിയുടെ പ്രോഗ്രസ് കാര്‍ഡ് കണ്ടു ബി.പി. പാരമ്പര്യമില്ലാത്ത കുടുംബമായിട്ടും ലീലാമ്മയ്ക്കു ഹൈ ബി.പി പിടിപെട്ടു. യോഹന്നാന് അവനെ രാപ്പകല്‍ നിയന്ത്രിച്ചും, പള്ളീലച്ചന്മാരെ കൊണ്ട് ഉപദേശിപ്പിച്ചും ലക്ഷ്യബോധമുണ്ടാക്കാന്‍ ശ്രമിച്ചു. ജോണിക്കുട്ടി കാരണം വീട്ടുകാരുടെ മുഴുവന്‍ ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ ജോണിക്കുട്ടി എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു. ഇന്ത്യ -പാകിസ്ഥാന് ക്രിക്കറ്റ് കളിയില്‍ ഇന്ത്യ തോറ്റതു കണ്ട് ജോണിക്കുട്ടി വിഷമിച്ചപ്പോള്‍ യോഹന്നാന് കാലു മടക്കി ഒരു തോഴി കൊടുക്കാനാണ് തോന്നിയത്. സ്വന്തം ഭാവിയെക്കുറിച്ചോര്‍ത്തു ദു:ഖമില്ലാത്തവന് ബാക്കിയൊന്നിനെക്കുറിച്ചും ഓര്‍ത്തു വേവലാതിപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു യോഹന്നാന്റെ തത്വം. ടി 20 ക്രിക്കറ്റില്‍ പറ്റുമായിരുന്നേല്‍ ലീലാമ്മ അവനെ ലേലത്തിന് വെച്ചേനെ. അല്ലെങ്കില്‍ തന്നെ ലീലാമ്മയ്ക്കു അവനെ ആര്‍ക്കെങ്കിലും ലേലത്തിന് കൊടുത്താല്‍ കൊള്ളാമെന്നു പല പ്രാവശ്യം തോന്നിയിട്ടുണ്ട്. അയലത്തെ പിള്ളേരും കൂട്ടുകാരുടെ പിള്ളേരുമെല്ലാം നീറ്റും കാറ്റും മാറ്റും സാറ്റുമെല്ലാം ജയിച്ചു റേറ്റിംഗ് കൂടിയ കോളേജുകളില്‍ പോയപ്പോള്‍ ജോണിക്കുട്ടി വീടിനടുത്തുള്ള കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. കാലക്രമേണ തന്റെ ആഗ്രഹങ്ങളും, മോഹങ്ങളും വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസത്തില്‍ പൊതിയുന്നതു കണ്ടു മടുത്തു അവന് സംസാരം തന്നെ കുറച്ചു.
ആലിന്റെ ചുവട്ടില്‍ കാറ്റേറ്റ് നരച്ച ആകാശവും നോക്കി കിടക്കുമ്പോള്‍ ജോണിക്കുട്ടിയുടെ അടുത്തേക്ക് നക്ഷത്രങ്ങള്‍ കൂട്ടുകൂടാന്‍ വരുന്നത് പോലെയവന് തോന്നുമായിരുന്നു. ഓരോ നക്ഷത്രങ്ങള്‍ക്കും ചിറകുകളുണ്ടായിരുന്നു. അവര്‍ മിന്നാമിനുങ്ങുകളെപ്പോലെ അടുത്തും ദൂരേക്കുമായി പറന്നകൊണ്ടിരുന്നു. ചീവിടിന്റെ കരച്ചിലും കേട്ട്, തണുത്ത കാറ്റത്ത് ആല്മരച്ചുവട്ടില് ഉറങ്ങുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് അവന് പലപ്പോഴും തോന്നുമായിരുന്നു. കാലക്രമേണ കൂട്ടുകാര്‍ക്കെല്ലാം പലയിടത്തായി ജോലിയായി. നാട്ടില്‍ അവന് കൂട്ടുകാര്‍ ആരുമില്ലാതെയായി. ബാക്കിയുള്ളവര്‍ ബാങ്ക് ലോണെടുത്തും, കടമെടുത്തും കാനഡയ്ക്കും, ഓസ്ടേലിയയിലേക്കുമായി പോയി. ആല്‍മരം ജോണിക്കുട്ടിക്ക് വേണ്ടി മാത്രം വീശി, രാത്രിയിലെ ചീവീടുകളും, മിന്നാമിന്നികളും അവന് വേണ്ടി മാത്രം കരയുകയും, വെളിച്ചം കത്തിക്കുകയും ചെയ്തു. നാട്ടിലെ പേരയും, മാങ്ങയുമൊന്നും എറിഞ്ഞു വീഴ്ത്താന്‍ പിള്ളാരില്ലാതെയായി. വീട്ടില്‍ തനിച്ചായ അപ്പനമ്മമാര്‍ സീരിയലുകളുടെ മുന്നിലും, യൂട്യൂബ് ധ്യാനഗുരുക്കളുടെ പ്രസംഗങ്ങള്‍ കേട്ടും സമയം തള്ളി നീക്കി. വളര്‍ന്നു വരുന്ന അടുത്ത തലമുറ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കരിയര്‍ ഓറിയന്റഡായി വരുന്നത് കാരണം അവര്‍ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ലക്ഷ്യബോധത്തിനു വേണ്ടി മാത്രം പരിശ്രമിച്ചു.
പതുക്കെ പതുക്കെ ജോണിക്കുട്ടി സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഒറ്റപ്പെട്ടു. ബാക്കിയുള്ള കൂട്ടുകാരെല്ലാം പുറംരാജ്യങ്ങളില്‍ ട്രിപ്പുകള്‍ പോയി ഫോട്ടോ ഗ്രൂപ്പിലിടുമ്പോള് ലൈക്കുകളും, കമന്റുകളും കുമിഞ്ഞു കൂടി. ജോണിക്കുട്ടി കവലയിലെ ചായക്കടയിലിരുന്നു ചൂട് പാറുന്ന ഒരു നുരയ്ക്കുന്ന ചായ ഗ്ലാസിന്റെ പടം ഗ്രൂപ്പിലിട്ടാല് അത് അനാഥപ്രേതത്തെപ്പോലെ ഒരു ലൈക്കുപോലുമില്ലാതെ ഗതികിട്ടാതെ അലഞ്ഞു. പേരിനു പോലും ഒരു ജോലിയില്ലാത്ത ജോണിക്കുട്ടിയെ പെണ്‍കുട്ടികള്‍ ഒരു മനുഷ്യനായിപ്പോലും പരിഗണിച്ചില്ല. നിലനില്പ്പുതന്നെയാണല്ലോ എല്ലാവരുടെയും ആത്യന്തികമായ പ്രശ്നം. മാതാപിതാക്കള്‍ പതുക്കെ അവനെ കാനഡയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അതാകുമ്പോള്‍ അവിടെ പത്രം കഴുകി ജീവിച്ചാലും നാട്ടിലാരും അറിയാന്‍ പോകുന്നില്ലല്ലോ. പിന്നെ കുടുംബത്തിലെ മിക്ക ചെറുപ്പക്കാരും ഇപ്പോള്‍ പുറത്തുമാണ്. എല്ലാവരെയും പോലെ അവനെന്തു കൊണ്ടാകരുതെന്നു ലീലാമ്മ പലവട്ടം അവനോടും, ഉടയതമ്പുരാനോടും ചോദിച്ചു. ആരും ഉത്തരം നല്‍കിയില്ല.
അവന് ആ വീട്ടിലെ ഒരു ഭാഗമല്ലാത്തതു പോലെയായി ലീലാമ്മയുടെ പെരുമാറ്റമെല്ലാം. കണ്മുന്നില് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവനെ അദൃശ്യനായി കാണാനുള്ള കഴിവ് ലീലാമ്മയില്‍ സന്തോഷമുളവാക്കി. ജോണിക്കുട്ടിയെ പല അവഗണനകള്‍ ബാധിച്ചെങ്കിലും അവനതൊന്നും പുറത്തു കാണിച്ചില്ല. അവന് പഠിക്കാന്‍ പലപ്പോഴും ശ്രമിച്ചതാണ്. അവനു പറ്റാഞ്ഞിട്ടാണ്. ‘ബാക്കി പിള്ളേര്‍ക്ക് കൊടുത്ത കഴിവിന്റെ പകുതിയെങ്കിലും എനിക്ക് തരാന്‍ മേലായിരുന്നോ?’ എന്ന് ജോണിക്കുട്ടി പുണ്യാളനോട് പലവട്ടം പലരീതിയില്‍ ചോദിച്ചു. അവനെ ഉണ്ടാക്കിയ സമയത്തു പുണ്യാളന് ലക്ഷ്യബോധമില്ലാതെ ഉറങ്ങിയത് പോലെ അവന്റെ പ്രാര്‍ത്ഥന കേള്‍ക്കുമ്പോഴും പുള്ളിക്കാരന് ഉറങ്ങുവാണോ എന്ന് അവനു സംശയമുണ്ടായി. ശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ സാധിക്കാത്തവര്‍ക്കു വീര പോരാളികളുടെ പരിവേഷം കിട്ടില്ലെന്നും അവരെ പരാജിതരായി തന്നെയേ മുദ്ര കുത്തുകയുള്ളൂയെന്നും അവന് പുണ്യാളനെ പലവട്ടം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പരാജിതര്‍ക്കു ഒറ്റ ഡെഫിനിഷനെ ഉള്ളു. അത് പരാജിതന് എന്ന് തന്നെയാണ്. ശ്രമിച്ചിട്ട് തോറ്റവര്‍, ഭാഗ്യമില്ലാതെ തോറ്റവര്‍, ദൈവം രക്ഷിക്കാത്തവര്‍ എന്നൊന്നുമില്ല. പരാജിതര്‍ എന്ന രൂപക്കൂട് മാത്രമാണ് അവര്‍ക്കു സമൂഹം നല്‍കുന്നത്.
എല്ലാവരും കൊത്തിയിട്ട് രുചി ഇഷ്ടപ്പെടാതെ തുപ്പിക്കളയുന്ന കയ്പ്പേറിയ മാംസക്കഷണം പോലെ ജോണിക്കുട്ടിയുടെ ജീവിതം പരിണമിച്ചു. തിരസ്കാരങ്ങളുടെ ഘോഷയാത്രയുടെ ഇടയിലൂടെ ജോണിക്കുട്ടി മുന്നോട്ടു ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു. ഭ്രാന്തിന്റെയും, മരവിപ്പിന്റെയും നേര്‍ത്ത നൂലിലൂടെ അവന് കോളേജ് കഴിഞ്ഞ രണ്ടു വര്‍ഷം ജീവിച്ചു. പഠിച്ചു നല്ല നിലയിലെത്തിയ കൂട്ടുകാരുടെ ഇന്‍സ്റ്റയിലെയും, ഫേസ്ബുക്കിലെയും ഫോട്ടോകള്‍ രാത്രിയില്‍ ഇരുണ്ട വെട്ടത്തിന്റെ കീഴിലൂടെ വന്നു കഴുത്തു ഞെരിക്കുന്നതു പോലെയവന് തോന്നി. അപേക്ഷിക്കുന്ന ജോലിയൊന്നും കിട്ടാതെയായപ്പോള്‍ പുണ്യാളന് മെഴുകുതിരി കത്തിക്കുന്ന സമ്പ്രദായം അവന് നിര്‍ത്തി. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടപ്പു വേണം. ഇത് ജനിച്ചപ്പോള്‍ മുതല്‍ അവന് മാത്രം പുണ്യാളന്റെ അടുത്തോട്ടു നടപ്പ്. ഇനി എന്നെങ്കിലും തന്നെയോര്ക്കുമ്പോള് ആ പാലത്തിലൂടെ പുള്ളി തിരിച്ചും നടക്കട്ടെ എന്ന് അവനും വിചാരിച്ചു.
പല ജോലികള്‍ക്കും ശ്രമിച്ചു ജോണിക്കുട്ടി മടുത്തു. പകല്‍ മുഴുവന്‍ അവന് കായലില്‍ കക്ക വാരുന്നവരുടെ കൂടെക്കൂടി. അവരാകുമ്പോള്‍ അവനോടു എന്തെങ്കിലുമൊക്കെ മിണ്ടും. നനഞ്ഞ ഭിത്തിയെ പായല്‍ പതിയെപ്പതിയെ കാര്‍ന്നു തിന്നുന്നത് പോലെയായിരുന്നു ആള്‍ക്കാരുടെ അവനോടുള്ള അവഗണന. പകലു മുഴുവന്‍ നീന്തലില്‍ ചിലവഴിച്ച ജോണിക്കുട്ടിയുടെ ദേഹം പതുക്കെ ബലം വെച്ച് തുടങ്ങി. പേശികള്‍ ശക്തമായി. കായലും, നക്ഷത്രങ്ങളും, മീനുകളും, പവിഴപ്പുറ്റുകളും അവന്റെ മനസ്സിനെ തഴുകി. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരുടെകൂടെയും അവന് കൂടി. തിരയും, കായലും, കടലുമെല്ലാം അവനു കൂട്ടുകാരായി. അവന്റെ മുറിവേറ്റ മനസ്സിന്റെ നീറ്റല്‍ കുറഞ്ഞു തുടങ്ങി. രാത്രിയില്‍ തിളങ്ങുന്ന നക്ഷത്ര മത്സ്യങ്ങള്‍ അവനോടു കിന്നാരം പറഞ്ഞു. അവനും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. തോറ്റവന്റെ സ്വപ്നം. തോറ്റു പോയെന്നു ആരെല്ലാമോ മുദ്ര കുത്തിയവന്റെ കീറത്തുണി ചേര്‍ത്ത് വെച്ചപോലെയൊരു സ്വപ്നം. നിറങ്ങള്‍ പണ്ട് തൊട്ടേ അവനോടു കൂട്ടുകൂടില്ലായിരുന്നു. എന്നാലും അവനറിയാവുന്ന നിറങ്ങളെല്ലാം ചേര്‍ത്ത് വെച്ചയൊരു സ്വപ്നം. പ്രതീക്ഷ ഒരു പകര്‍ച്ച വ്യാധി പോലെ അവന്റെ സിരകളില്‍ പടര്‍ന്നു കയറി.
ചാവാലി പിള്ളേരെന്ന് കായല്‍ത്തീരത്തു അറിയപ്പെട്ടിരുന്ന മൂന്നു നാല് കൂട്ടുകാരെക്കൂട്ടി ഒരു സംരംഭം തുടങ്ങിയാലോ എന്നായി ജോണിക്കുട്ടിയുടെ ചിന്ത. എത്ര ശ്രമിച്ചാലും രക്ഷപെടാന്‍ പറ്റാത്തവരുടെ ദുഃഖം അവനോളം വേറെ ആര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. അവനൊരിക്കലും ഗതി പിടിക്കില്ലെന്ന് മനസ്സിലാക്കി അവന്റെ അപ്പന്റെ പെങ്ങള് മരിക്കാന്‍ നേരം അവനു കൊടുത്ത പത്തു സെന്റ് ഭൂമി പണയം വെച്ച് ലോണെടുത്തോട്ടെ എന്ന് ചോദിച്ചതിന്റെ ഫലമായാണ് യോഹന്നാന് അവനെ വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കിയത്. കായല്‍വാരത്തെ ഒരു ഒറ്റമുറി വീട്ടിലായി പിന്നെ അവന്റെ താമസം. രാത്രിയില്‍ കടല്‍ത്തീരത്ത് അവന് ഒറ്റയ്ക്ക് കിടക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ ഒന്നും കലരാത്ത കണ്ണുനീര് അവന്റെ കണ്ണില്‍ നിന്നും മുഖത്തും ഷര്‍ട്ടിലും ഉപ്പുകാറ്റത്തു ഒട്ടിപ്പിടിച്ചു. മഴയുള്ള രാത്രികളില്‍ നനഞ്ഞ നരിച്ചീലിന്റെ ഗന്ധം അവനെ ശ്വാസം മുട്ടിച്ചു. ഓടിയിട്ടും, ഓടിയിട്ടും തീരാത്ത വഴികള്‍ അവന്റെ സ്വപ്നങ്ങളില്‍ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. നെഞ്ചു പൊട്ടിയ രാത്രികളില്‍ നിന്നും അവന്റെ മനസ്സു ഒരു രക്ഷയ്ക്കായി വല്ലാതെ പിടഞ്ഞു.
ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവന് ലോണെടുത്തു വളരെ ചെറിയ ഒരു ജിം തുടങ്ങി. അനുവാദങ്ങള്‍ക്കും, അംഗീകാരങ്ങള്‍ക്കും കാത്തു നിന്ന് അവന് അവന്റെ ആയുസ്സിന്റെ പകുതി നശിപ്പിച്ചെന്ന് അവനു തോന്നി. ചാവാലി പിള്ളേരുടെ പേരും ചേര്‍ത്ത് വെച്ചായിരുന്നു ജിമ്മിന്റെ പേര്. പേരില്ലാത്തവര്‍ക്കു നാട്ടില്‍ പേരുണ്ടാകുമ്പോള്‍ അതിന്റെ സന്തോഷം നെല്ലിയ്ക്ക തിന്നത് പോലെയാണ്. ഇടയ്ക്കിടയ്ക്ക് ആ മധുരം വായില്‍ പൊന്തി വരുന്ന ഒരു സുഖം.
കാലം പിന്നെയും മുന്നോട്ട് പോയി. ഐ.ടി മേഖലയിലെയും ബാക്കി ഉന്നതകുല ജോലി ചെയ്യുന്നവരുടെയും സ്ട്രെസും, ബി.പി. യും കുറയാന്‍ മിക്കവരും ജിമ്മില്‍ വന്നു തുടങ്ങി. ജിമ്മില്‍ പോവുകയും, ശരീര വടിവ് കാത്തു സൂക്ഷിക്കുന്നതും പ്രെസ്റ്റീജിന്റെ ഭാഗമായി മാറി. ബാക്കിയുള്ള ജോലിയെക്കാള്‍ വരുമാനം ജിം മുതലാളികള്‍ക്കു കിട്ടിത്തുടങ്ങി. ജോണിക്കുട്ടിയുടെ ജിം വളര്‍ന്നു പല ശാഖകളായി പന്തലിച്ചു. അവനെ ഉദ്ഘാടനങ്ങള്‍ക്കും, മോട്ടിവേഷണല്‍ പ്രസംഗങ്ങള്‍ക്കും ആള്ക്കാര് വിളിച്ചു തുടങ്ങി. ടി.വി.യില്‍ അവന്റെ മുഖം തെളിയുമ്പോള്‍ യോഹന്നാന് ഇനിയാ നാട്ടില്‍ വെട്ടുന്ന ഇടിത്തീ ഏതെങ്കിലും സ്വന്തം തലയില്‍ വെട്ടിയാല്‍ മതിയെന്ന തോന്നലായി. ലീലാമ്മയാകട്ടെ അടുക്കളയിലെന്തോ അടുപ്പത്തിരുന്നു കരിഞ്ഞല്ലോയെന്നു പറഞ്ഞു സ്ഥലം കാലിയാക്കും. പുറത്താക്കിയ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും അവന് ഇന്‍വിറ്റേഷനുകള്‍ വന്നു തുടങ്ങി. പക്ഷെ അപ്പോഴേക്കും അവന് അവന്റെ മനസ്സില്‍ അവനെ ഉപേക്ഷിച്ച എല്ലാ ബന്ധങ്ങള്‍ക്കും ബ്ലോക്ക് ബട്ടണ്‍ അമര്‍ത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]