കൊച്ചി: “എല്ലാവരുടെയും ഉള്ളിൽ ഒരു ഭീകരനില്ലേ. ഫിറ്റ്നസാണ് എന്റെ ഭീകരത. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അപ്പോഴൊക്കെ ചെയ്യാൻ നമ്മളെ പ്രാപ്തമാക്കുന്നതാണ് നമ്മുടെ ഫിറ്റ്നസ് എന്നു പറയുന്നത്. നാളെ രണ്ട് കിലോമീറ്റർ ഓടാൻ തോന്നിയാൽ അതിന് എനിക്ക് പറ്റണം. നാളെ എന്റെ മോളെ തോളിലേറ്റി നടക്കാൻ തോന്നിയാൽ അതിനും പറ്റണം. അതൊക്കെ പറ്റണമെങ്കിൽ എനിക്ക് ഫിറ്റ്നസ് വേണം…” ഉച്ചവെയിൽ തിളച്ചുനിൽക്കുന്ന പുൽമുറ്റത്ത് കണ്ടുമുട്ടുമ്പോൾ ഫിറ്റ്നസിനെപ്പറ്റിയുള്ള ‘ഭീകര പ്രഖ്യാപന’മാണ് റഹീബ് ആദ്യം നടത്തിയത്.
ഭീകരൻ എന്ന പേരിൽ ഫിറ്റ്നസ് രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് റഹീബിന് ഗെയിമുകൾ ഫിറ്റ്നസിലേക്കുള്ള വഴികളാണ്. കപ്പ കൾച്ചറിലെ ഗെയിം സോണിൽ ഗെയിം ക്യുറേറ്ററായ റഹീബിനൊപ്പം ഭാര്യ ആമിനയും ആറു വയസ്സുകാരിയായ മകൾ റൂഹിയുമുണ്ട്. ബാസ്കറ്റ്ബോൾ മുതൽ ടേബിൾ ടെന്നിസ് വരെയായി കുറേ ഗെയിമുകൾ റഹീബ് കൾച്ചറിൽ സജ്ജമാക്കിയിട്ടുണ്ട്. ഗെയിം സോണിലെത്തുന്ന ആർക്കും ഇവിടെ ഒരു കൈ നോക്കാം. നിശ്ചിത അകലത്തിൽ നിന്ന് പന്ത് ബാസ്കറ്റ് ചെയ്താലും ഗോൾകിക്കിൽ പന്ത് വലയിലെത്തിച്ചാലുമൊക്കെ പോയിന്റ് കിട്ടും. എല്ലാ ഗെയിമിനുമൊടുവിൽ കിട്ടുന്ന പോയിന്റ് കണക്കാക്കി സമ്മാനങ്ങളും കാണികൾക്ക് നൽകും.
ദുബായിൽ സിവിൽ എൻജിനീയറായിരുന്ന റഹീബ് അത് രാജിവെച്ച് നാട്ടിലെത്തിയാണ് ഇഷ്ടമേഖലയായ ഫിറ്റ്നസിലേക്ക് കടന്നത്. ഫിറ്റ്നസ് സ്ഥാപനം നടത്തുന്നതിനൊപ്പം ഒട്ടേറെ ഇടങ്ങളിൽ ഗെയിമുകൾ പ്രദർശിപ്പിക്കാനും റഹീബ് എത്താറുണ്ട്. ഭീകരൻ എന്ന പേര് സ്വീകരിച്ച് ഫിറ്റ്നസ് രംഗത്ത് പ്രവർത്തിക്കുന്ന റഹീബിന് ഭക്ഷണത്തോടും വലിയ ഇഷ്ടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]