വല്യേട്ടൻ സിനിമയിലെ ’നെറ്റിമേലെ പൊട്ടിട്ടാലും’ എന്ന ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രൻഡിങ്ങാണ്. 24 വർഷങ്ങൾക്കിപ്പുറം വല്യേട്ടൻ സിനിമയുടെ ഫോർ കെ റിമാസ്റ്റർ പതിപ്പ് റിലീസ് ചെയ്ത സമയത്ത് തന്നെയാണ് ഗാനവും ഹിറ്റായിരിക്കുന്നത്. യുവാക്കൾ ഏറ്റെടുത്തിരിക്കുന്ന ഗാനത്തിന് ഇൻസ്റ്റഗ്രാം റീൽസ് വഴിയാണ് വ്യാപക പ്രചാരണം ലഭിച്ചത്.
കല്യാണം വീഡിയോ, പ്രണയ നിമിഷങ്ങൾ, ക്ഷേത്രത്തിന്റെ വീഡിയോ, ആനകളെ കാണിക്കുന്ന വീഡിയോ വാഹനങ്ങളുടെ വീഡിയോ എന്നുവേണ്ട ഒട്ടുമിക്ക തരത്തിലുള്ള റീൽസുകളിലും ഗാനം വന്നുകഴിഞ്ഞു. നവംബർ 29-നാണ് വല്യേട്ടൻ റീ റിലീസ് ചെയ്തത്. കൗതുകകരമായ കാര്യം ഈ ഗാനം സിനിമയിൽ ചിത്രീകരിച്ച് ഉപയോഗിച്ചിട്ടില്ല എന്നതാണ്. റീ റിലീസ് പതിപ്പിലും ഗാനമില്ല. പക്ഷേ, സിനിമ ഇറങ്ങിയതിന് സമാന്തരമായി സമൂഹമാധ്യമങ്ങൾ വഴി പാട്ടും വൈറലാവുകയായിരുന്നു.
2000-ത്തിൽ റിലീസായ ചിത്രത്തിന്റെ ട്രാക്കിൽ ഉൾപ്പെട്ട ഗാനത്തിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് കാസറ്റുകളിലൂടെയും റേഡിയോ വഴിയുമൊക്കെ ജനങ്ങളിൽ എത്തിയത്. അന്നും ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സിനിമയിൽ ഉപയോഗിച്ചിട്ടുള്ള ’നിറനാഴി പൊന്നും’ ഗാനത്തിന്റെ ഹിറ്റിന് പിന്നിൽ മുങ്ങിപ്പോയി . ’നെറ്റിമേലെ പൊട്ടിട്ടാലും’ ഗാനത്തിന്റെ യൂട്യൂബിലുള്ള വിവിധ പതിപ്പുകളുടെ കാഴ്ചക്കാരുടെ മൊത്തം എണ്ണം 30 ലക്ഷം കടന്നിട്ടുണ്ട്. ഇതിൽ ഏറിയപങ്കും അടുത്തസമയത്ത് വന്നതാണ്.
ഗാനം സിനിമയിൽ ഉൾപ്പെടുത്താതെ പോയത് നഷ്ടമായെന്നാണ് കൂടുതൽ പേരും എഴുതിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മോഹൻ സിതാര സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസും, കെ.എസ്. ചിത്രയും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]