
ലക്നൗ ∙ ഇറാനി കപ്പ് ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ അതെല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു. പ്രമുഖ താരങ്ങളിൽ പൃഥ്വി ഷാ ഒഴികെയുള്ള താരങ്ങളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയെങ്കിലും അവസരോചിത സെഞ്ചറിയുമായി തിളങ്ങിയ ഓൾറൗണ്ടർ തനുഷ് കൊട്ടിയന്റെ മികവിൽ മുംബൈയുടെ ആകെ ലീഡ് 400 കടന്നു. 135 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് തനുഷ് സെഞ്ചറിയിലെത്തിയത്. തനുഷ് ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചറി (64) നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 72 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എന്ന നിലയിലാണ് മുംബൈ. തനുഷ് 101 റൺസോടെയും മോഹിത് അവാസ്തി 30 റൺസോടെയും ക്രീസിൽ.
അവസാന ദിനമായ ഇന്ന് മത്സരം സമനിലയാകാനാണ് കൂടുതൽ സാധ്യത. അങ്ങനെയെങ്കിൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ മുംബൈ ജേതാക്കളാകും. സ്കോർ 171ൽ നിൽക്കെ എട്ടാം വിക്കറ്റ് നഷ്ടമായ മുംബൈയ്ക്ക്, പിരിയാത്ത ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് പടുത്തുയർത്തിയ തനുഷ് – മോഹിത് സഖ്യമാണ് കരുത്തായത്. ഇതുവരെ 70 പന്തുകൾ നേരിട്ട മോഹിത് മൂന്നു ഫോറുകൾ സഹിതമാണ് 30 റൺസെടുത്തത്. ഒൻപതാം വിക്കറ്റിൽ ഇതുവരെ 164 പന്തുകൾ നേരിട്ട ഇരുവരും 124 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
സർഫറാസ് ഖാൻ (36 പന്തിൽ 17), ഷംസ് മുലാനി (0), ഷാർദുൽ ഠാക്കൂർ (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണ് മുംബൈ നിരയിൽ ഇന്ന് പുറത്തായത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി സാരാൻഷ് ജെയിൻ 28 ഓവറിൽ 121 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മാനവ് സുതർ 27 ഓവറിൽ 68 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറുയർത്തിയ മുംബൈയെ രണ്ടാം ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യ വിറപ്പിച്ചെങ്കിലും തനുഷ് കൊട്ടിയന്റെ പ്രതിരോധം എല്ലാം തകർത്തു. 121 റൺസിന്റെ ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നാലാംദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 153 എന്ന നിലയിലായിരുന്നു. ഓപ്പണർ പൃഥ്വി ഷാ (76) ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല.
4 വിക്കറ്റ് നഷ്ടത്തിൽ 289 റൺസുമായി ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യയെ മുന്നോട്ടുനയിച്ചത് അഭിമന്യു ഈശ്വരനും (191) ധ്രുവ് ജുറേലും (93) ചേർന്നാണ്. അഞ്ചാം വിക്കറ്റിൽ 163 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഷംസ് മുലാനി പൊളിച്ചതോടെ ലീഡിനായുള്ള റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. 23 റൺസ് എടുക്കുന്നതിനിടെയാണ് അവസാന 6 വിക്കറ്റുകൾ നഷ്ടമായത്.
English Summary:
Mumbai vs Rest of India, Irani Cup 2024, Day 5 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]