
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിര്‍മ്മിക്കുന്നവരാണെന്ന് ടാറ്റ ഗ്രൂപ്പിനെക്കുറിച്ച് പറയാറുണ്ട്. അത് ശരിയുമാണ്. ഉപ്പ് മുതല്‍ ഇലക്ട്രിക് കാറുകള്‍ വരെ ടാറ്റയുടെ ഉല്‍പ്പന്നങ്ങളായി വിപണിയിലുണ്ട്. മുന്നിട്ടിറങ്ങിയ മേഖലകളിലൊക്കെ വിജയഗാഥകളുമാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയ്ക്ക് വിജയിക്കാനാവാതെപോയ ഒരു മേഖലയുണ്ട്. സിനിമയാണ് അത്!
അതെ, ടാറ്റ ഗ്രൂപ്പിന്റെ അധികമാരും പറയാത്ത ഒരു നിക്ഷേപമാണ് അത്. 2003 ലാണ് രത്തന്‍ ടാറ്റ ചലച്ചിത്ര നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നത്. ടാറ്റ ഇന്‍ഫോമീഡിയ എന്ന ബാനറിലായിരുന്നു നിര്‍മ്മാണം. എന്നാല്‍ ജതിന് കുമാര്‍, ഖുഷ്ബു ഭദ, മന്ദീപ് സിംഗ് എന്നിവര്‍ സഹ നിര്‍മ്മാതാക്കളായും രത്തന്‍ ടാറ്റയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2004 ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 10 കോടിക്ക് അടുത്തായിരുന്നു (9.50 കോടി). വലിയ താരമൂല്യവും ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റ സിനിമാലോകം എന്നെന്നേയ്ക്കുമായി വിടുകയും ചെയ്തു.
2004 ജനുവരി 23 ന് റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം ‘എയ്ത്ബാര്’ ആണ് രത്തന്‍ ടാറ്റ നിര്‍മ്മിച്ച ഒരേയൊരു ചിത്രം. വിക്രം ഭട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്, ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. 1996 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫിയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിക്രം ഭട്ട് എയ്ത്ബാര് ഒരുക്കിയത്. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രം സൈക്കോപാത്ത് ആയ കാമുകനില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛന്റെ കഥയാണ് പറഞ്ഞത്. കാമുകനായി ജോണ്‍ എബ്രഹാമും അച്ഛനായി അമിതാഭ് ബച്ചനും മകളായി ബിപാഷ ബസുവും എത്തി.
എന്നാല്‍ താരമൂല്യമുള്ള അഭിനേതാക്കളും സംവിധായകനുമൊക്കെയുണ്ടായിട്ടും ചിത്രം പ്രേക്ഷകരെ കാര്യമായി സ്വാധീനിച്ചില്ല. 10 കോടിയോളം മുതല്‍മുടക്ക് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ കളക്റ്റ് ചെയ്തത് 4.25 കോടി മാത്രമായിരുന്നു. ആകെ ആഗോള കളക്ഷന്‍ 7.96 കോടിയും. ബജറ്റ് പോലും തിരിച്ച് പിടിക്കാനാവാത്ത ചിത്രമായി എയ്ത്ബാര് മാറി. അതോടെ ടാറ്റ ഗ്രൂപ്പ് ചലച്ചിത്ര നിര്‍മ്മാണത്തോട് എന്നെന്നേക്കുമായി വിട പറയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]