
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും.
വളരെ ഭയാനകമായ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരും. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഉച്ചയോടെ പൊലീസ് നായകളുമായി സംഘം എത്തുമെന്നാണ് വിവരം.
ദുരന്തത്തിൽ ഇതുവരെ 44 പേരാണ് മരിച്ചത്. വീടുകളും വാഹനങ്ങളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട്. നൂറ് കണക്കിന് വീടുകൾ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. പുഴയിൽ മൃതശരീരങ്ങൾ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ് ഇവിടുള്ളത്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സഹായം പ്രതീക്ഷിച്ച് നിരവധി മനുഷ്യരാണ് ഇവിടെയുള്ളത്. രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഇവിടെ കനത്ത മഴ പെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]