
കോഴിക്കോട്: നിപാ വൈറസിനെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ആരോഗ്യ പ്രവര്‍ത്തക ലിനിയെ കേരളം മറന്നിട്ടുണ്ടാകില്ല. നിപ ബാധിച്ച ശേഷം ചലനമറ്റ ശരീരവുമായി, ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുകയാണ് കോഴിക്കോട്ട് മറ്റൊരു ആരോഗ്യപ്രവർത്തകൻ. പെറ്റമ്മയെപ്പോലും തിരിച്ചറിയാനാവാതെ, കണ്ണിമ തുറക്കാൻ കഴിയാതെ, സ്വന്തമായി ഒരിറ്റ് കുടിനീർ ഇറക്കാൻ പോലും കഴിയാതെ എട്ടു മാസം. ജീവിച്ച് തുടങ്ങും മുമ്പേ ശരീരം ചലനമറ്റ 24 കാരൻ കിടക്കുകയാണ്. മംഗലാപുരം സ്വദേശിയും കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ നഴ്സുമായ ടിറ്റോ തോമസാണ് നിപയ്ക്ക് ശേഷമുണ്ടായ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മാസങ്ങളായി ചലനമറ്റ് കിടക്കുന്നത്. ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയിൽ നിന്നാണ് ടിറ്റോയ്ക്കും വൈറസ് ബാധയുണ്ടായത്.
2023 ഓഗസ്റ്റിൽ കടുത്ത പനിയുമായി ആശുപത്രിയിലെത്തി മരിച്ച മരുതോങ്കര സ്വദേശിയെ പരിചരിച്ചത് ടിറ്റോയായിരുന്നു. മരണ ശേഷമായിരുന്നു നിപ സ്ഥിരീകരിച്ചത്. പിന്നാലെ ടിറ്റോയ്ക്കും നിപ പോസിറ്റീവ്. രോഗ മുക്തിനേടി ടിറ്റോ ജോലിയിൽ തിരിച്ചെത്തി. പക്ഷെ വില്ലനായി ശക്തമായ കഴുത്തുവേദനയും തലവേദനയും വന്നു. ചികിത്സ തേടിയെങ്കിലും ടിറ്റോ അബോധാവസ്ഥയിലായി.നിപയ്ക്ക് ശേഷമുള്ള നിപ എൻസഫലൈറ്റിസ് തലച്ചോറിനെ ബാധിച്ചിരുന്നു. ആരോഗ്യ സ്ഥിതിയിൽ പുരോഗതി കാണാൻ സാധ്യതയില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാര്‍ വിധിയെഴുതി. അപ്പോഴും പ്രതീക്ഷ കൈവിടാതെ അമ്മയും സഹോദരനും ടിറ്റോയ്ക്ക് കൂട്ടിരിക്കുന്നു.
Read More….
വയറിൽ ട്യൂബ് ഘടിപ്പിച്ച് ഭക്ഷണം നൽകും. ശ്വാസം എടുക്കാൻ തൊണ്ടയിൽ ട്യൂബ്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി ഇഖ്റ ആശുപത്രി മാനേജ്മെന്റ് ചെലവഴിച്ചു. ടിറ്റോയെ പുതുജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ വിദഗ്ധ ചികിത്സ വേണം. മറ്റൊരു ആശുപത്രിയിലേക്ക് മാറണം. അതിന് സര്‍ക്കാരിൻറെയും സുമനസുകളുടേയും സഹായം വേണം.
Last Updated Jul 25, 2024, 12:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]