
‘എന്റെ കുഞ്ഞല്ലേ നീ, അച്ഛന്റെ പൊന്നല്ലേ
കുഞ്ഞുമോളല്ലേ നീയെന്റെ തങ്കക്കുടമല്ലേ…’
രാവുറക്കാൻ പൊന്നുമോളെ നെഞ്ചോടുചേർത്ത് പാടുന്ന അച്ഛന്റെ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ എവിടെയോ നനുത്ത ഓർമ്മകളുണരും. ആർദ്രമായ ഈ പാട്ട് പക്ഷേ, ടിനി ടോമിന് ഇപ്പോൾ ഒരു തരം ‘മത്ത്’ പോലെയാണ്. നായകനായി അഭിനയിച്ച ‘മത്ത്’ എന്ന സിനിമയിൽ ഒരു പാട്ടുപാടാൻ കഴിഞ്ഞതും അത് പ്രേക്ഷകർ പ്രിയത്തോടെ ഏറ്റെടുത്തതും ടിനിക്ക് സമ്മാനിച്ച സന്തോഷം ഏറെയാണ്.
അപ്രതീക്ഷിതം ഈ ഗാനം
ചെറുതായിട്ടൊക്കെ പാടുന്ന ആളാണെങ്കിലും ഒരു സിനിമയിൽ പിന്നണി പാടണമെന്ന് കേട്ടപ്പോൾ ആദ്യം ഞാൻ ഒന്നുഞെട്ടിയതാണ്. ഒരച്ഛന് മകളോടുള്ള സ്നേഹത്തിന്റെ ഫീൽ കൃത്യമായിക്കിട്ടാൻ ആ പാട്ട് ഞാൻതന്നെ പാടുന്നതാകും നല്ലതെന്ന് സംവിധായകൻ രഞ്ജിത്ത് ലാലാണ് പറഞ്ഞത്. ട്രാക്ക് ഇട്ടുള്ള അഭിനയത്തിനുശേഷമാണ് ഞാൻ ആ പാട്ടുപാടാൻ റെക്കോഡിങ് സ്റ്റുഡിയോയിലെത്തിയത്. ഈ സിനിമയിലെ മറ്റൊരു പാട്ടുപാടുന്നത് സിത്താരയാണെന്നറിഞ്ഞപ്പോൾ ഉള്ളിൽ വീണ്ടുമൊരു ആന്തൽ. സിത്താരയെപ്പോലുള്ള ഒരു പ്രതിഭയുടെ ഒപ്പമെത്താനൊന്നും കഴിയില്ലെങ്കിലും ഞാൻ പാടുന്ന പാട്ട് മോശമാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പാട്ട് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷമുണ്ട്. എം. ജയചന്ദ്രനും വിനീത് ശ്രീനിവാസനും അടക്കമുള്ള സംഗീതകാരന്മാർ എന്റെ പാട്ടിനെപ്പറ്റി നല്ലതുപറഞ്ഞതും ഏറെ അഭിമാനകരമാണ്.
വന്ദനയുടെ ഓർമകളിൽ
ഈ പാട്ടുപാടാൻ സ്റ്റുഡിയോയിൽ എത്തുന്നതിനുമുമ്പ് ഞാൻ ഡോക്ടർ വന്ദനാ ദാസിന്റെ വീട്ടിൽപോയിരുന്നു. അകാലത്തിൽപൊലിഞ്ഞ വന്ദനയുടെ ഓർമ്മകളിൽ കഴിയുന്ന അച്ഛനെ കണ്ടപ്പോൾ വലിയ സങ്കടവും വേദനയും എന്നെ പൊതിഞ്ഞു. അച്ഛൻ വന്ദനയുടെ മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ അവളുടെ പുസ്തകങ്ങളും ലാപ്ടോപ്പും കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമൊക്കെ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആ മുറി മുഴുവൻ വന്ദനയുടെ ആത്മാവ് നിറഞ്ഞുനിൽക്കുന്നതായി തോന്നി. സ്നേഹിച്ച് കൊതി തീരുന്നതിനുമുമ്പേ വിടപറഞ്ഞുപോയ മകളുടെ ഓർമ്മകളിൽ നീറിനിൽക്കുന്ന അച്ഛന്റെ മനസ്സ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ആ ഫീൽ ഉൾക്കൊണ്ടുതന്നെയാണ് ഞാൻ സ്റ്റുഡിയോയിൽ മകൾക്കുവേണ്ടി പാടുന്ന അച്ഛന്റെ സ്വരമായത്.
നരേൻ എന്ന മനുഷ്യൻ
ആനുകാലികപ്രസക്തിയുള്ള ഒരു വിഷയമാണ് മത്ത് എന്ന സിനിമ പറയുന്നത്. ഇതിലെ നരേൻ എന്ന കഥാപാത്രമാകാൻ കഴിഞ്ഞത് കരിയറിലെ വലിയൊരു വഴിത്തിരിവായിട്ടാണ് ഞാൻ കാണുന്നത്. നേരത്തേ മറ്റൊരു നടൻ ചെയ്യാനിരുന്ന ഈ കഥാപാത്രം അവസാനം ഒരുനിയോഗംപോലെ എന്നിലേക്ക് വന്നുചേരുകയായിരുന്നു. എന്റെ എത്തിക്സുമായി ഒരിക്കലും ചേർന്നുനിൽക്കാത്ത കഥാപാത്രമാണ് നരേൻ. ഞാൻ എന്തിനാണ് ഇങ്ങനെയൊരു വേഷംചെയ്തതെന്ന് പലരും ചോദിക്കുന്നുണ്ട്. സത്യത്തിൽ ഈ വൈരുധ്യവും വെല്ലുവിളിയും തന്നെയാണ് ഈ കഥാപാത്രംചെയ്യാൻ എനിക്ക് ധൈര്യംതന്നത്. കണ്ണൂരിലും പരിസരത്തുമുള്ള കുറെ നാടകപ്രവർത്തകരാണ് ഈ സിനിമയുടെ അണിയറപ്രവർത്തകർ. അവർക്കൊപ്പം മനസ്സും ശരീരവും പൂർണമായി വിട്ടുകൊടുത്താണ് ഞാൻ ഈ സിനിമയിലെ നരേൻ എന്ന കഥാപാത്രമായത്.
പുതിയ നിയോഗങ്ങൾ
നല്ല കുറെ സിനിമകളുടെ ഭാഗമാകാൻ അവസരംവരുന്നത് സന്തോഷകരമാണ്. ലഭിക്കുന്ന കഥാപാത്രങ്ങൾ അതിന്റെ പരമാവധി മികവിൽ ചെയ്യണമെന്നുതന്നെയാണ് എന്നും ആഗ്രഹിക്കുന്നത്. താരസംഘടനായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പുവരുമ്പോൾ അതിലും ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. സംഘടനയിൽ അമരക്കാരനായ ലാലേട്ടനൊപ്പം ഇനിയുംപ്രവർത്തിക്കാൻ അവസരംകിട്ടുന്നതും അഭിമാനത്തോടെയാണ് കാണുന്നത്. മലയാളസിനിമ വലിയവിജയങ്ങളുടെ കഥപറഞ്ഞ് മുന്നോട്ടുപോകുമ്പോൾ അതിൽ ഒരുഭാഗമായി തുടരാൻ കഴിയുന്നത് വലിയ ഭാഗ്യമല്ലേ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]