
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സമിതി. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സംസ്ഥാന സമിതി അംഗങ്ങൾ യോഗത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. നവകേരള സദസിൻ്റെ ഗുണം കിട്ടിയില്ലെന്നും സിപിഎം റിപ്പോർട്ട്. അടിസ്ഥന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം നീങ്ങുകയാണ്. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.
Last Updated Jun 18, 2024, 10:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]