
നിങ്ങൾ ഒരു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുക. അഞ്ചോ ആറോ മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമേ നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള വിമാനം എത്തൂ എന്നും കരുതുക. ഈ ഘട്ടത്തിൽ ആരാണെങ്കിലും ചെറുതായൊന്ന് ഉറങ്ങാൻ ആഗ്രഹിക്കും അല്ലേ? പക്ഷേ, നിർഭാഗ്യവശാൽ, സാധാരണയായി എയർപോർട്ടിലെ വിശ്രമമുറികളിൽ കാണുന്ന ഇരിപ്പിടങ്ങൾ അതിനു പറ്റുന്നതല്ല.
എന്നാൽ, ഈ പ്രശ്നത്തിന് ഒരു പരിഹാരം വാഗ്ദാനം ചെയ്തുകൊണ്ട് യാത്രക്കാർക്ക് സുഖകരമായി വിശ്രമിക്കാൻ ഒരു സൗകര്യം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബാക്കുവിലെ ഹെയ്ദർ അലിയേവ് അന്താരാഷ്ട്ര വിമാനത്താവളം. കിടക്കാനും ഉറങ്ങാനും കഴിയുന്ന തരത്തിലുള്ള റെസ്റ്റിംഗ് പോഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഈ വിശ്രമസൗകര്യം ഉപയോഗിക്കുന്ന ഒരാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
യാത്രക്കാരുടെ സൗകര്യത്തിന് പ്രാധാന്യം നൽകി സജ്ജീകരിച്ചിരിക്കുന്നതാണ് ഈ വിശ്രമ ഇടം. ഒരാൾക്ക് സുഖകരമായി കിടക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഈ സംവിധാനത്തിൽ ആളുകളുടെ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്നതിനായി വെന്റിലേഷനോടുകൂടിയ ഒരു കവർ ഉണ്ട്. കൂടാതെ, ഈ പോഡുകളിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക അറയുമുണ്ട്.
അസർബൈജാനിൽ നിന്നാണ് ഈ വീഡിയോ എടുത്തത്. വളരെ മികച്ച ഒരു ആശയമായാണ് നെറ്റിസൺസിൽ ഭൂരിഭാഗവും റെസ്റ്റിംഗ് പോഡുകളോട് പ്രതികരിച്ചത്. എന്നാൽ, ഇത് വൃത്തിഹീനമായിരിക്കുമെന്ന് വാദിച്ചവരും കുറവല്ല. ഓരോ വ്യക്തിയും ഉപയോഗിച്ചതിനു ശേഷം ഇത് വൃത്തിയാക്കണം എന്നും അല്ലാത്തപക്ഷം അണുക്കളുടെ കൂടാരം ആയിരിക്കുമെന്നും ചിലർ കുറിച്ചു.
എന്നാൽ, ശുചിത്വവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്കിടയിലും എയർപോർട്ടിൽ പെട്ടുപോകുന്ന യാത്രക്കാർക്ക് ഇതൊരു അനുഗ്രഹമാണെന്ന് നിരവധി പേർ വാദിച്ചു. വൃത്തിയെക്കുറിച്ച് വാചാലരാകുന്നവർക്ക് അർദ്ധരാത്രി മണിക്കൂറുകളോളം വിമാനത്താവളത്തിനുള്ളിൽ പെട്ടുപോയാൽ ഉണ്ടാകുന്ന ദുരവസ്ഥയെ കുറിച്ച് എന്തറിയാം എന്നായിരുന്നു ചിലർ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 10, 2024, 4:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]