
കോഴിക്കോട്: പന്തീരങ്കാവ് കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.
പുതിയ സംഘത്തിൻ്റെ അന്വേഷണ സംഘത്തില്‍ യുവതിയുടെ മാതാപിതാക്കളും വിശ്വാസം പ്രകടിപ്പിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. യുവതിയും മാതാപിതാക്കളും നല്കിയ മൊഴിയിൽ പറയുന്ന നിലയിൽ ഉപദ്രവം ഇവരില്‍ നിന്ന് യുവതിക്കുണ്ടായെന്ന് ബോധ്യപെട്ടാല്‍ ഇവരുടെ അറസ്റ്റിലേക്കും പൊലീസ് കടക്കും.ഒ ളിവിലുള്ള പ്രതി രാഹുലിനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Last Updated May 16, 2024, 6:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]