
നൃത്തസംവിധായകർക്ക് അവർ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് നൃത്തസംവിധായകൻ ബോസ്കോ മാർട്ടിസ്. ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനവും അതിന് ചുവടുകളൊരുക്കിയ പ്രേം രക്ഷിതിനേയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നാട്ടു നാട്ടു ഓസ്കർ പുരസ്കാരം നേടിയെങ്കിലും പ്രേം രക്ഷിത് ഒരിക്കൽപ്പോലും ഈ ഗാനത്തിന്റെപേരിൽ ആഘോഷിക്കപ്പെട്ടിട്ടില്ലെന്നും ബോസ്കോ മാർട്ടിസ് പറഞ്ഞു.
നൃത്തസംവിധായകരായ റെമോ ഡിസൂസ, കൃതി മഹേഷ്, വിജയ് ഗാംഗുലി, ഗണേഷ് ആചാര്യ, നർത്തകി ശക്തി മോഹൻ എന്നിവർക്കൊപ്പമുള്ള ഒരു സംവാദ പരിപാടിയിൽ സംസാരിക്കവേയാണ് നാട്ടു നാട്ടുവിനേക്കുറിച്ചും പ്രേം രക്ഷിതിനേക്കുറിച്ചും ബോസ്കോ മാർട്ടിസ് പറഞ്ഞത്. ഓസ്കറിൽ തിളങ്ങിയ ഗാനമാണ് നാട്ടു നാട്ടു. അതിന് നൃത്തസംവിധാനം നിർവഹിച്ച പ്രേം രക്ഷിത് എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ലെന്നോർത്ത് താൻ സ്തംബ്ധനായെന്ന് മാർട്ടിസ് പറഞ്ഞു.
“ഓസ്കർ നേടുകയും ഓസ്കർ വേദിയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്ത ഗാനമാണത്. പ്രേം രക്ഷിത് ഒരുക്കിയ ചുവടുകളാണവിടെ കലാകാരന്മാർ അവതരിപ്പിച്ചത്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവനാണ് ആ പാട്ടിന് നൃത്തം ചെയ്തത്.” മാർട്ടിസ് കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുത്ത റെമോ ഡിസൂസ ഈ അഭിപ്രായത്തെ പിന്തുണച്ചു.
പുറത്തിറങ്ങിയ നാൾ മുതൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു. നാട്ടു എന്നാൽ നൃത്തമെന്നാണ് അർത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആർ.ആർ.ആർ. രണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന ഇവർ ഒരുമിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ചിത്രം. രാമരാജുവിന്റെയും ഭീമിന്റെയും സൗഹൃദം വെളിവാക്കുന്ന ഗാനം കൂടിയായിരുന്നു നാട്ടു നാട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
95-ാം ഓസ്കറിൽ ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് നാട്ടു നാട്ടു പുരസ്കാരം സ്വന്തമാക്കിയത്. രാഹുൽ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകർ. എംഎം കീരവാണി ഈണമിട്ട ഗാനത്തിന്റെ വരികളെഴുതിയത് സുഭാഷ് ചന്ദ്രബോസ്. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം തരംഗമായി.