
തിരുവനന്തപുരം: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി പിടിയിലായി. ഇളമ്പ ടോൾമുക്ക് തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജിനെ (27) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 24ന് രാവിലെ 7.30 നായിരുന്നു കേസിനാസ്പദമായ സംഭവം.
അടയമൺ കൊപ്പം ഭാഗത്തു നിന്ന് പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വന്ന ചെറുനാരകംകോട് സ്വദേശി സുമതി (80) കഴുത്തിലണിഞ്ഞിരുന്ന അഞ്ച് ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ട് പേര് വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചു കടന്നത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതിയെ മംഗലപുരം പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രാഹുൽരാജ് ജയിൽ വാസത്തിനിടെ പരിചയപ്പെട്ട കൂട്ടാളിയോടൊപ്പം പുറത്തിറങ്ങിയശേഷം ഒറ്റക്ക് സഞ്ചരിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് പിടിച്ചുപറി തുടങ്ങുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മാല മോഷണം നടത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചു. ആറ്റിങ്ങൽ, മംഗലപുരം സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുല്, റൗഡി ഹിറ്റ് ലിസ്റ്റിൽ പേരുള്ള ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ എസ് എച്ച് ഒ ബി ജയൻ, എസ് ഐമാരായ വിജിത് കെ നായർ, രാജികൃഷ്ണ, ഷജിം, എസ് സി പി ഒ ഷിജു, സി പി. ഒ കിരൻ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Last Updated Dec 28, 2023, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]