
നവി മുംബൈ: വനിത ക്രിക്കറ്റില്‍ ഇങ്ങനെയൊരു സ്പെല്‍ ചരിത്രമാണ്! 5.3 ഓവറില്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കുക. അതും ക്രിക്കറ്റിന്റെ പരമോന്നതമായ ടെസ്റ്റ് ഫോർമാറ്റില്‍ ജന്മദേശക്കാരായ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്കായി. നവി മുംബൈയില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്കായി സ്പിന്നർ ദീപ്തി ശർമ്മ പുറത്തെടുത്ത അത്ഭുത സ്പെല്ലിന്റെ ത്രില്ലിലാണ് കായിക ലോകം.
പരമ്പരയിലെ ഏക ടെസ്റ്റില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 104.3 ഓവറില്‍ 428 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തിയിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ നാനൂറ് റണ്‍സ് പിന്നീട്ട് അമ്പരപ്പിച്ചു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് വനിതകളുടെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യന്‍ ബൗളർമാർ 35.3 ഓവറില്‍ 136 റണ്‍സില്‍ അവസാനിപ്പിച്ചു. ഇതോടെ 292 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കി. വിസ്മയ സ്പെല്ലുമായി ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. 5.3 ഓവർ പന്തെറിഞ്ഞ ദീപ്തി ശർമ്മ വെറും 7 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ദീപ്തിയുടെ നാല് ഓവറുകളാണ് മെയ്ഡനായത്. 70 പന്തില്‍ 59 റണ്‍സെടുത്ത നാറ്റ് സൈവർ ബ്രണ്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. മറ്റാരും 20 റണ്‍സ് പോലും കടന്നില്ല. ഒരവസരത്തില്‍ 108/3 എന്ന നിലയിലുണ്ടായിരുന്ന ഇംഗ്ലണ്ടിനെയാണ് ദീപ്തിയുടെ കരുത്തില്‍ ഇന്ത്യ 136ല്‍ ഓൾഔട്ടാക്കിയത്.
നേരത്തെ, നാല് താരങ്ങളുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യന്‍ വനിതകള്‍ 428 റണ്‍സ് അടിച്ചുകൂട്ടിയത്. ബാറ്റിംഗിലും ദീപ്തി ശർമ്മ കത്തിജ്വലിച്ചു. ശുഭ സതീഷ് (76 പന്തില്‍ 69), ജെമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്തിക ഭാട്യ (88 പന്തില്‍ 66), ദീപ്തി ശർമ്മ (113 പന്തില്‍ 67) എന്നിവരാണ് അമ്പതിലധികം സ്കോർ ചെയ്തത്. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ അർധസെഞ്ചുറിക്കരികെ 49ല്‍ മടങ്ങി. ഇംഗ്ലണ്ട് വനിതകള്‍ക്കായി ലോറെന് ബെല്ലും സോഫീ എക്കിള്‍സ്റ്റണും മൂന്ന് വീതവും കേറ്റ് ക്രോസും നാറ്റ് സൈവർ ബ്രണ്ടും ചാർലി ഡീനും ഓരോ വിക്കറ്റും നേടി.
Last Updated Dec 15, 2023, 5:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]