
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. 25 ലക്ഷത്തിൽനിന്ന് ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 10 ലക്ഷം രൂപയാക്കി. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ 10 ലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകൾ പാസാക്കാൻ കഴിയൂ. ഓണച്ചെലവുകൾ കൂടി കണക്കിലെടുത്താണ് ഇത്. ഇങ്ങനെ പോയാൽ താമസിയാതെ ട്രഷറി പൂട്ടേണ്ടി വരും. കടമെടുക്കുന്നതിനുള്ള നിയന്ത്രണമാണ് ഇതിന് കാരണം. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ ധൂർത്ത് പൊതുജനങ്ങളുടെ കഞ്ഞിയിൽ മണ്ണിട്ടു !
ശമ്പളം, പെൻഷൻ, മരുന്നുകൾ വാങ്ങൽ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകി. നിയന്ത്രണം മറികടക്കാൻ ചില വകുപ്പുകൾ വലിയ തുകയ്ക്കുള്ള ഒറ്റ ബിൽ 10 ലക്ഷത്തിൽ താഴെയുള്ള ബില്ലുകളായി വിഭജിച്ചു തുക മാറിയെടുക്കുന്ന രീതിയുണ്ട്. ഇതും അനുവദിക്കില്ല. അതിരൂക്ഷ പ്രതിസന്ധിയാണുള്ളതെന്ന സൂചന ട്രഷറി വകുപ്പിന് ധനവകുപ്പ് നൽകിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് സംസ്ഥാന സർക്കാരിന് ഒരു പിടിയുമില്ല. തൽകാലം പിടിച്ചു നിൽക്കാൻ സംസ്ഥാന സർക്കാർ 2000 കോടി രൂപ കടമെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഈ സാമ്പത്തികവർഷം ആകെ കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി രൂപയാണ്. എല്ലാ മാസവും കുറഞ്ഞത് 2000 കോടി കടമെടുക്കേണ്ട അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ബാക്കി കടമെടുക്കാവുന്ന തുക കൊണ്ട് ഈ സാമ്പത്തിക വർഷം തികയ്ക്കുക അസാധ്യമാണ്. ഓണക്കാല ചെലവുകൾ നടത്താനായാലും അടുത്ത മാസങ്ങളിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.
സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു. ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇറക്കുന്ന രണ്ടായിരം കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ഓഗസ്റ്റ് ഒന്നിനാണ്. ഒന്ന് മുതൽ ശമ്പളവും പെൻഷനും നൽകിത്തുടങ്ങണം. ഇതുകഴിഞ്ഞ് ക്ഷേമപെൻഷൻ, ബോണസ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, എന്നിവയ്ക്ക് നൽകേണ്ട സഹായം കണ്ടെത്തണം.
ഗുരുതര സാമ്പത്തികപ്രതിസന്ധി മൂലം ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നുവെന്നതാണ് വസ്തുത. ഏകദേശം 8000 കോടിയാണ് ഓണച്ചെലവുകൾക്കു വേണ്ടിവരിക. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയിട്ടുണ്ട്.
ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ പോലും പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ശമ്പളത്തിന് 3400 കോടിയും പെൻഷന് 2100 കോടിയും ക്ഷേമ പെൻഷന് (2 മാസം) 1700 കോടിയും വേണം. ഇതിനൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്ക്ക് 600 കോടിയും വേണം. കെഎസ്ആർടിസിക്ക് 70 കോടി നൽകണം. അങ്ങനെ ആകെ 7870 കോടിയാണ് സർക്കാരിന് വേണ്ടത്.
കേന്ദ്ര സർക്കാർ കനിഞ്ഞാൽ പോലും ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് അഡ്വാൻസ് നൽകൽ വേണ്ടെന്ന് വയ്ക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടായാലേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ.
The post സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ട്രഷറി പൂട്ടേണ്ടി വരും; ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി ധനവകുപ്പ്; ശമ്പളം, പെൻഷൻ മരുന്നുകൾ തുടങ്ങി അടിയന്തിര ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം; ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ആലോചന; സർക്കാരിന്റെ ധൂർത്ത് പൊതുജനങ്ങളുടെ കഞ്ഞിയിൽ മണ്ണിട്ടു ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]