
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടർന്ന് രാഹുൽ ഗാന്ധി റോഡ് മാർഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. ആകാശമാർഗ്ഗം രാഹുൽ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പൊലീസ് നിലപാട്. രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന പാതയിൽ പലയിടത്തും സംഘർഷ സാഹചര്യം ഉണ്ടെന്നും അതിനാലാണ് കടത്തിവിടാൻ കഴിയില്ലെന്ന് പറഞ്ഞതെന്നുമാണ് മണിപ്പൂർ പൊലീസിന്റെ നിലപാട്.
രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ രാഹുല്‍ഗാന്ധിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. റോഡരികില്‍ രാഹുലിനെതിരെ പോസ്റ്റർ ഉയർത്തി ഒരു സംഘം പ്രതിഷേധിച്ചു. ഇതോടെ സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായി. പിന്നാലെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും. ഈ ഘട്ടത്തിലാണ് രാഹുലും സംഘവും ഇംഫാലിലേക്ക് മടങ്ങിയത്.
ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ തടഞ്ഞത്. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. രാഹുൽ ഗാന്ധി ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. യാഥാർത്ഥ്യ ബോധത്തോടെ പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് ശ്രമമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രശ്ന പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് പുലർച്ചെയും മണിപ്പൂരിൽ സംഘർഷം ഉണ്ടായി കാങ്പോക്പി ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ അക്രമികൾ വെടിയുതിർത്തു. ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ വിവരമില്ല. രണ്ട് ദിവസത്തേക്കാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. കുകി മേഖലയായ ചുരാചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ ഗാന്ധി കാണുമെന്ന് അറിയിച്ചിരുന്നു. ഇവിടേക്കുള്ള യാത്രക്കിടയിലാണ് ഇദ്ദേഹത്തെ പൊലീസ് തടഞ്ഞത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]