
കുമളി: ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ.
അരിക്കൊമ്പന് സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. കൂടുതല്‍ തവണ മയക്കുവെടിവച്ചത് പ്രശ്നമാകില്ല. ഏതു ദൗത്യത്തിലും പ്ലസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യത്തിനാണു ചിന്നക്കനാൽ ശനിയാഴ്ച വേദിയായത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ‘അരിക്കൊമ്പൻ ദൗത്യം’ ആരംഭിച്ചത്. ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല
ശനിയാഴ്ച രാവിലെ 7.30നു സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു.
ഉച്ചയ്ക്കുശേഷം ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന പ്രതിരോധിച്ചു. 3 മണിയോടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി.
മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയ ശേഷം ലോറി അരിക്കൊമ്പനു സമീപത്തെത്തിച്ചു. മഴയത്ത് 4 കുങ്കികളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി. ഇതിനു ശേഷമാണു 5 മണിയോടെ കൊമ്പനെ ലോറിയിലെ കൂട്ടിൽ തളയ്ക്കാനായത്.
തൊട്ടുപിന്നാലെ ലോറി റോഡിലേക്കു മാറ്റി അരിക്കൊമ്പനു സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചു. 6 മണിയോടുകൂടി ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരിയാറിലേക്കു പുറപ്പെട്ടു. പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതു യാത്ര വൈകാനിടയാക്കി.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പേടിസ്വപ്നമായിരുന്നു അരിതിന്നാനായി വീടുപൊളിക്കുന്ന കാട്ടുകൊമ്പൻ. 12 പേരെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പിന്റെ കണക്കിൽ ഇത് ഏഴാണ്.അരിക്കൊതിമൂലം നാട്ടുകാരാണ് ഇവന് അരിക്കൊമ്പനെന്ന പേരിട്ടത്. 35 വയസ്സോളമുള്ള അരിക്കൊമ്പൻ മേഖലയിൽ അക്രമം തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെയായി.
വലുപ്പം കുറഞ്ഞ കൊമ്പുകളാണെങ്കിലും ആരെയും ഭയപ്പെടുത്തുന്ന ആകാരമാണ്. വിരിഞ്ഞ മസ്തകവും മഴവില്ലുപോലെ വളഞ്ഞ് ഉയർന്നുനിൽക്കുന്ന പുറവുമാണ്. വർഷങ്ങൾക്കുമുമ്പ് ഒരു പിക്കപ്പ് വാൻ കുത്തിമറിക്കുന്നതിനിടെ വലതുകൊമ്പ് പൊട്ടി. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് രീതി.
ഒരു വർഷത്തിനിടയിൽ ഒമ്പതുതവണയാണ് പന്നിയാർ എസ്റ്റേറ്റിലെ ആന്റണിയുടെ റേഷൻകട തകർത്തത്. 2005-നുശേഷം 75-ലേറെ കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തതായാണ് വനംവകുപ്പിന്റെ കണക്ക്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]