
സ്വന്തം ലേഖകൻ
കോട്ടയം- രണ്ടു ലിറ്റർ ലിക്വിഡ് ഡിറ്റർജെന്റിന്റെ വിലക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു പരസ്യം നൽകി വിൽപന നടത്തിയെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ ജില്ലാ ഉപഭോക്തൃകാര്യ തർക്കപരിഹാര കമ്മീഷൻ ഏരിയൽ ലിക്വിഡ് ഡിറ്റർജെന്റിന്റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്സിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു.
കോട്ടയം സ്വദേശിയായ അഭിഭാഷകൻ ആർ. രാഹുലിന്റെ പരാതിയിലാണ് നടപടി. 2.5 ലിറ്റർ ഏരിയൽ ഫ്രണ്ട് ലോഡ് മാറ്റിക് ലിക്വിഡ് ഡിറ്റർജെന്റ് 605 രൂപയ്ക്കാണ് ഹോമ്ലി സ്മാർട്ട് എന്ന കടയിൽ നിന്ന് രാഹുൽ കഴിഞ്ഞ സെപ്റ്റംബർ 17ന് വാങ്ങിയത്. രണ്ടു ലിറ്റർ ബോട്ടിലിൽ പരമാവധി വിൽപന വില 604 രൂപയായും ഒരു ലിറ്ററിന് 302.50 രൂപയാണെന്നും പ്രിന്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അതേ കടയിൽ നിന്ന് ഇതേ ഉൽപന്നത്തിന്റെ ഒരു ലിറ്റർ 250 രൂപക്കു വാങ്ങി. ഇതേ തുടർന്നാണ് അനധികൃത വ്യാപാരനയം പിന്തുടർന്ന് ഏരിയൽ ഡിറ്റർജന്റ് നിർമാതാക്കൾ ഉപഭോക്താക്കളിൽനിന്ന് വൻ തുക അനധികൃതമായി സമ്പാദിക്കുന്നതായി ആരോപിച്ച് രാഹുൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ നടത്തിയ പരിശോധനയിൽ ഒരേ ഗുണനിലവാരവും തൂക്കവും നിറവുമുള്ള ഉൽപന്നം വ്യത്യസ്തമായ പരമാവധി വിലക്ക് പ്രോക്ടർ ആന്റ് ഗാമ്പിൾ വിൽപന നടത്തിയതായും ഇരട്ടവില നിർണയം എന്ന നിയമലംഘനം നടത്തിയതായും കണ്ടെത്തി. ഒരു ലിറ്ററിന് 250 രൂപയ്ക്ക് വിൽക്കുന്ന ഉൽപന്നം രണ്ടു ലിറ്റർ 605 രൂപയ്ക്ക് വാങ്ങുമ്പോൾ 500 മില്ലിലിറ്റർ സൗജന്യമായി ലഭിക്കുമെന്ന് ബോട്ടിലിൽ പ്രിന്റ് ചെയ്ത് വിൽപന നടത്തിയതിലൂടെ അനുചിത വ്യാപാരനയം സ്വീകരിച്ച് വൻ തുക പൊതുജനത്തിൽനിന്ന് അന്യായമായി നേടിയെടുത്തതായും കമ്മീഷൻ കണ്ടെത്തി.
തുടർന്ന് പ്രോക്ടർ ആന്റ് ഗാമ്പിൾ ഹോം പ്രോഡക്ട്സ് ഒരു ലക്ഷം രൂപ പിഴയായി സംസ്ഥാന കൺസ്യൂമർ വെൽഫെയർ ഫണ്ടിൽ അടയ്ക്കാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവായി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]