
കൊച്ചി > ദ്വിദിന ദേശീയ പണിമുടക്കിൽനിന്ന് കൊച്ചി ലുലു മാളിനെ സമരസമിതി ഒഴിവാക്കിയെന്ന പത്രവാർത്ത തെറ്റെന്ന് സമ്മതിച്ച് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’. മാളിനെ ഒഴിവാക്കിയെന്ന് സമരസമിതി അറിയിച്ചിട്ടില്ലെന്നും, മാൾ അധികൃതർ അറിയിച്ചതാണ് ഇളവുള്ളവുടെ പട്ടികയിൽപ്പെടുത്തിയതെന്നും വാർത്തയിൽ സംശയം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ കമന്റായി ചേർത്തു. തെറ്റായ വിവരം നൽകിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് വിശദീകരണം.
മാൾ തുറക്കാമെന്ന് സമരസമിതി പറഞ്ഞിട്ടില്ലെന്നും, മാൾ അധികൃതർ അറിയിച്ചതുകൊണ്ടാണ് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ലുലുവിനെയും ഉൾപ്പെടുത്തിയതെന്നുമാണ് പത്രത്തിന്റെ ന്യായീകരണം. എന്നാൽ പണിമുടക്കിൽനിന്ന് ഒഴിവാക്കിയവയുടെ പട്ടികയിലാണ് മാളിനെയും പത്രത്തിൽ ഉൾപ്പെടുത്തിയത്. ഇത് വ്യാപകമായ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്തു.
ലുലു മാളിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഏതാനും സമയം തുറക്കേണ്ടിവന്നത് തെറ്റായ പത്രവാർത്തകണ്ട് ആളുകൾ എത്തിയതിനാലെന്ന് ലുലു അധികൃതരും വിശദീകരിച്ചു. രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്കുമായി സഹകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് മാളിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിരുന്നു. തെറ്റായ പത്രവാർത്ത കണ്ട് നിരവധിപേർ എത്തിയപ്പോഴാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന ഹൈപ്പർമാർക്കറ്റ് മാത്രം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഏതാനും മണിക്കൂർ തുറന്നുപ്രവർത്തിച്ചതെന്നും അധികൃതർ പറഞ്ഞു.
ദേശീയ പണിമുടക്കിൽനിന്ന് ലുലു മാളിന് ഇളവ് നൽകിയെന്നതരത്തിലാണ് ഇത് പ്രചരിപ്പിച്ചത്. തിരുവനന്തപുരത്തെ ലുലു മാൾ രണ്ടുദിവസവും തുറന്നില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു പ്രചാരണം. ഇത് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചു. പത്രവാർത്തയും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും കണ്ട് സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തിയതോടെ മൂന്നിനുശേഷമാണ് ഹൈപ്പർ മാർക്കറ്റ് തുറന്നത്. മറ്റു കടകളൊന്നും തുറന്നില്ല. ചൊവ്വാഴ്ച ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മാളിലെ ഒരു സ്ഥാപനംപോലും തുറന്നില്ലെന്നും ലുലു മാൾ അധികൃതർ പറഞ്ഞു. ലുലു മാളിന് മാത്രമായി ഇളവ് നൽകിയിരുന്നില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി കൺവീനർ പി ആർ മുരളീധരൻ പറഞ്ഞു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]